Spread the love
പെരിന്തൽമണ്ണയിൽ മോഷണങ്ങളേറി; ആശങ്കയിൽ ജനങ്ങളും വ്യാപാരികളും

പെരിന്തൽമണ്ണ: വ്യാപാര സ്ഥാപനങ്ങളിലടക്കം മോഷണങ്ങൾ തുടരുമ്പോൾ ഭീതിയിലായി ജനങ്ങളും വ്യാപാരികളും. പെരിന്തൽമണ്ണയിലും പരിസരങ്ങളിലുമായി മൂന്നു ദിവസത്തിനിടെ നടന്നത് നാല് മോഷണങ്ങളാണ്. ശനിയാഴ്ച രാവിലെ അങ്ങാടിപ്പുറത്ത് വയോധികയുടെ കണ്ണിൽ മുളകു പൊടിയെറിഞ്ഞ് മൂന്നു പവൻ മാല കവർന്നതിന് പിന്നാലെ ഞായറാഴ്ച ചെറുകരയിലെ ഹൈപ്പർ മാർക്കറ്റിലും മോഷണം നടന്നു. പന്ത്രണ്ടായിരത്തോളം രൂപയാണ് ഇവിടെനിന്ന് നഷ്ടപ്പെട്ടത്. മോഷ്ടാവ് പണമെടുത്ത് പുറത്തു പോകുന്ന ദൃശ്യങ്ങളുണ്ടെങ്കിലും മഴക്കോട്ട് തലവഴി മൂടിയിട്ടിരുന്നതിനാൽ ആളെ തിരിച്ചറിയാനായിട്ടില്ല.

കഴിഞ്ഞദിവസം പെരിന്തൽമണ്ണയിൽ നിന്ന് പാതായ്‌ക്കരയിലെ വീട്ടിലേക്കുപോയ യുവതിയുടെ അഞ്ചു പവനോളം വരുന്ന മാലയും നഷ്ടപ്പെട്ടിരുന്നു. ബസിൽ പാതായ്ക്കരയിലിറങ്ങിയ ശേഷമാണ് മാല നഷ്ടപ്പെട്ടതറിഞ്ഞത്. ബസിൽ നല്ല തിരക്ക് ഉണ്ടായിരുന്നതായാണ് പറയുന്നത്.

വെള്ളിയാഴ്ച പുലർച്ചെയാണ് മനഴി ബസ്‌ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന പെരിന്തൽമണ്ണ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരന്റെ ബൈക്ക് മോഷണം പോയത്. ബൈക്ക് പിന്നീട് കുറച്ചു ദൂരം മാറി കണ്ടെത്തിയിട്ടുണ്ട്. രണ്ടു മാസം മുൻപ് അമ്മിനിക്കാട് വീട്ടുകാർ വിനോദയാത്ര പോയ സമയത്ത് 35 പവനോളം ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു.

ഈ സംഭവങ്ങളിലൊന്നും പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. മോഷണം തുടരുന്നത് വ്യാപാരികൾക്കും മറ്റും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

Leave a Reply