ലക്ഷ്യസ്ഥാനത്തേക്ക് പരമാവധി വേഗത്തിൽ എത്തിപ്പെടുക എന്നത് എല്ലാവരുടേയും ആവശ്യമാണ്. അതിനു വേണ്ടിയാണല്ലോ മനുഷ്യൻ കുറുക്കുവഴി സ്വീകരിക്കുക. അവരും ആ കുറുക്കുവഴി സ്വീകരിച്ചത് അതിനുവേണ്ടിയായിരുന്നു. ഒരു ഷെയർ ടാക്സി യാത്രയിൽ ഒത്തുചേരുന്ന പരസ്പരം പരിചയമില്ലാത്ത അഞ്ചുപേർ. പല സ്വഭാവക്കാർ. എല്ലാവർക്കും അവരുടേതായ പ്രശ്നങ്ങളുണ്ട്. എല്ലാവർക്കും എത്തിച്ചേരാൻ ധൃതിയുമുണ്ട്. പലതരം മാനസികാവസ്ഥയിലാണ് അവരെല്ലാവരും ആ യാത്രയിൽ വന്നിട്ടുള്ളത്. ഈ യാത്രയിൽ സംഭവിക്കുന്ന, നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവമാണ് ദർപ്പൺ ട്രിസൽ നിർമ്മിച്ച് റിതേഷ് മേനോൻ സംവിധാനം ചെയ്ത ദി റൈഡ് എന്ന സിനിമയുടെ ഇതിവൃത്തം.
മൂന്ന് സ്ത്രീകൾ, രണ്ട് പുരുഷൻമാർ. ഇവർ ഒരു കാറിൽ യാത്ര തുടങ്ങുന്നിടത്താണ് സിനിമ തുടങ്ങുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടും സംഭാഷണം കൊണ്ടും ഇവരുടെ സ്വഭാവവും ആവശ്യങ്ങളും വരച്ചുകാട്ടാൻ സംവിധായകനും തിരക്കഥാകൃത്തിനും സാധിച്ചു. ഹൈവേയിൽ കാണുന്ന ഒരു ഗതാഗത കുരുക്കാണ് ഇവരെ ഒരു ഷോർട്ട് കട്ട് എടുക്കാൻ പ്രേരിപ്പിക്കുന്നത്. ആ ടേൺ അവരുടെ ജീവിതത്തിലെ ടേണിംഗ് പോയിന്റായി മാറുന്നതാണ് പിന്നെ നാം കാണുന്നത്.
സുധി കോപ്പ, ആൻ ശീതൾ, ശ്രീകാന്ത് മുരളി, മാലാ പാർവതി, ഗോപിക എന്നിവരാണ് യാത്രക്കാരായി കാറിൽ കയറുന്നത്. പ്രശാന്ത് മുരളിയുടെ കഥാപാത്രമാണ് ഇവരുടെ സാരഥി. ഇവർ പിന്നീട് ചെന്നെത്തുന്നത് അജ്ഞാതമായ ഒരു കേന്ദ്രത്തിലാണ്. അവിടെ സ്വന്തം പാപഭാരങ്ങൾ ഇറക്കിവെക്കാൻ ഇവർ നിർബന്ധിതരാകുന്നു. ഒരു മനുഷ്യന്റെ മുഖത്ത് നോക്കി അയാൾ ചെയ്ത പാപത്തിന്റെ വലിപ്പം കണ്ടെത്താൻ കഴിയില്ല. പക്ഷെ ഒരു മത്സത്തിൽ ഏറ്റവും വലിയ പാപിക്ക് വിജയിക്കാമെന്ന് പറഞ്ഞാൽ എല്ലാവരും വിജയിക്കാനായിരിക്കും ശ്രമിക്കുക. ദി റൈഡ് അതാണ് പറഞ്ഞുവക്കുന്നത്. ഈ സിനിമയിൽ ഹരീഷ് ഉത്തമൻ അവതരിപ്പിക്കുന്ന മുഖംമൂടി ധരിച്ച ഒരു കഥാപാത്രമുണ്ട്. എല്ലാ മനുഷ്യരും ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുമെന്ന് അയാൾ ഇവരോട് പറയുന്നുണ്ട്. സ്വന്തം പാപങ്ങൾ തുറന്നു പറയുന്നതിന് അയാൾ നൽകിയ ആ സൂചന കൂട്ടിത്തിലുള്ള ചിലർക്കെങ്കിലും മനസിലായില്ല എന്നതാണ് സത്യം. സ്വയരക്ഷക്ക് വേണ്ടി മനുഷ്യൻ എന്തും തുറന്നു പറയും. അത്തരം ഒരു സാഹചര്യത്തിൽ ഇവർ തങ്ങളിൽ ആരാണ് ഏറ്റവും വലിയ പാപി എന്നു സ്ഥാപിക്കാൻ മത്സരിക്കുന്നതും ഈ ചിത്രം കാണിച്ചു തരുന്നു.
ഒരു തരത്തിൽ പറഞ്ഞാൽ മനുഷ്യന്റെ അടിസ്ഥാനപരമായ പല സ്വഭാവ സവിശേഷതകളേയും ഈ സിനിമ തുറന്നു കാണിക്കുന്നു. സിനിമയിലേക്ക് വന്നാൽ തിരക്കഥയും സംവിധാനവുമാണ് ഏറ്റവും കൂടുതൽ പരാമർശിക്കപ്പെടേണ്ടത്. ആദ്യ പകുതിയിൽ പാതിവെന്തതെന്ന് തോന്നുന്ന പല സംഭവങ്ങളും പ്രക്ഷകന്റെ യുക്തിയെ പരീക്ഷിക്കും. എന്നാൽ എന്തായിരുന്നു, എന്തിനായിരുന്നു ഈ ഊതിവീർപ്പിച്ച കുമിളികൾ എന്ന് കൺവിൻസ് ആകുന്ന രീതിയിൽ പറഞ്ഞുവെക്കാൻ എഴുത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമക്ക് പരിചിതമല്ലാത്ത ഒരു കഥാഗതിയിലേക്ക് സിനിമയെ എത്തിക്കാൻ മുംബൈ മലയാളിയായ സംവിധായകനും മംഗലാപുരക്കാരനായ എഴുത്തുകാരൻ സുഹാസ് ഷെട്ടിക്കും സാധിച്ചു. മനുഷ്യന്റെ പാപങ്ങൾക്ക് ഭാഷയില്ല, അതിനാൽ തന്നെ ഈ സിനിമയും ഏത് ഭാഷയിലും പ്ലേസ് ചെയ്യപ്പെടാവുന്ന ഒന്നാണ്. അഭിനേതാക്കളിലേക്ക് വന്നാൽ ശ്രീകാന്ത് മുരളി, മാലാ പാർവതി എന്നിവർക്ക് അടുത്തകാലത്ത് കിട്ടിയ ഏറ്റവും മികച്ച കഥാപാത്രങ്ങളായി ഇതിലെ അനിലിനേയും അഫീഫയേയും കണക്കാക്കാം. ആളുകളെ ഇറിറ്റേറ്റ് ചെയ്യുന്ന ഒരു മധ്യവയസ്ക്കനിൽ നിന്നും ക്ലൈമാക്സിലെ ഇമോഷണൽ രംഗങ്ങളിലേക്ക് എത്തുമ്പോഴുള്ള ശ്രീകാന്ത് മുരളിയുടെ ക്യാരക്ടർ ഗ്രാഫിന്റെ ഗിയർ മാറ്റം മികച്ചതായിരുന്നു. പ്രേക്ഷകന്റെ കണ്ണുനനയിച്ചാണ് തീയ്യേറ്ററിൽ നിന്നും അനിൽ യാത്രയാക്കുക. ഒരേ ഗ്രാഫിലാണെങ്കിലും മാലാപാർവതിയും ക്ലൈമാക്സിലെ തന്റെ പ്രകടനം മികച്ചതാക്കി. അതുപോലെ ഞെട്ടിച്ച പ്രകടനമായിരുന്നു പ്രശാന്ത് മുരളിയുടേയും. സഞ്ജുവായി വന്ന സുധികോപ്പക്ക് തന്റെ ക്യാരക്ടർ കൺവിൻസിങ്ങായി അവതരിപ്പിക്കാൻ സാധിച്ചു. സിങ്ക് സൗണ്ടിലാണ് പടം ചെയ്തതെന്ന് തോന്നുന്നു. ചിലയിടങ്ങളിൽ സുധിയുടെ സംഭാഷണങ്ങൾ വ്യക്തമായിരുന്നില്ല, എന്നാലും കഥാപാത്രത്തിന്റെ ചാരുത നഷ്ടമായിട്ടില്ല. ആൻ ശീതളിന്റെ നിത്യ ശരിക്കും അപ്രതീക്ഷിതമായ ഒരു പെർഫോമൻസ് ആയിരുന്നു. സ്പോയിലർ ആകുന്നതിനാൽ ആ പ്രകടനത്തെപ്പറ്റി ഇപ്പോൾ കൂടുതൽ പറയാൻ കഴിയില്ല. ഹരീഷ് ഉത്തമൻ തന്റെ ശബ്ദം കൊണ്ടൊരു ഗംഭീര പ്രകടനം കാഴ്ച്ചവെച്ചിരിക്കുന്നു. ഹരീഷിന്റെ ഡയലോഗ് മോഡുലേഷൻസ് ആണ് ത്രില്ലർ ജോണറിൽ ചിത്രത്തെ ഉറപ്പിച്ചിരുത്തുന്നത്. പുതുമുഖം ഗോപിക മഞ്ജുഷ ഒന്നുരണ്ടിടങ്ങളിൽ ചെറുതായി ഒന്നു പാളുന്നുണ്ടെങ്കിലും ആദ്യ സിനിമ എന്ന നിലയിൽ ക്ഷമിക്കാവുന്ന ഒന്നാണ്. മലയാള സിനിമയിൽ ഗോപികക്ക് ഭാവിയുണ്ട്. കശ്മീർ സ്വേദേശിയായ തസ്സാദുഖ് ഹുസൈന്റെ സിനിമാട്ടോഗ്രാഫി മികച്ചതാണ്. ചിത്രത്തിന് ഒരു അന്താരാഷ്ട്രമാനം നൽകാൻ അദേഹത്തിനായി. ഒരു വെയർ ഹൗസിനുള്ളിൽ നിന്ന് പ്രധാനരംഗങ്ങൾ ചിത്രീകരിക്കുമ്പോഴും ലൈറ്റിംഗും ഫ്രെയ്മുകളും മികച്ചതാക്കാൻ ഇദേഹത്തിന്റെ പരിചയസമ്പന്നത സഹായിച്ചു. എക്കോയും കിഷ്കിന്ദാ കാണ്ഡവും വെട്ടിയൊതുക്കിയ ഇ.എസ് സൂരജാണ് ഒരു മണിക്കൂർ നാൽപ്പത് മിനിറ്റിൽ സിനിമയെ എഡിറ്റുചെയ്ത് വിട്ടിരിക്കുന്നത്.ഈ സിനിമയുടെ പ്രധാന ന്യൂനത എന്നുപറയുന്നത് പീക്ക് രംഗങ്ങളിൽ കൂടെ വരാത്ത ബാഗ്രൗണ്ട് സ്കോർ ആണ്. മോശമാണ് എന്നല്ല, ഹെവിയാകേണ്ട ചില സ്ഥലത്ത്, പ്രേക്ഷകൻ ഒരു വൗ പ്രതീക്ഷിക്കുന്ന സ്ഥലത്ത് അത് തരാൻ ബാഗ്രൗണ്ട് സ്കോറിന് സാധിക്കുന്നില്ല. സൗണ്ട് മിക്സിംഗും ശരാശരിയായിപ്പോയി. ഒരു വെയർഹൗസിൽ കഥാപാത്രങ്ങൾ പരസ്പരം പോരടിക്കുമ്പോൾ ഉണ്ടാകേണ്ട ആമ്പിയൻസ് കൃത്യമായി കൊണ്ടുവരാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടില്ല. പല പ്രധാന ശബ്ദങ്ങളും മിസ്സിംഗാണ്. വെയർഹൗസിൽ നമ്മൾ കാണുന്ന പ്രോപ്പർട്ടികൾ നോക്കുമ്പോൾ ആ പരിസരപ്രദേശം എസ്റ്റാബ്ലിഷ് ചെയ്യേണ്ട പല ശബ്ദങ്ങളും ഉണ്ട്. അവയെല്ലാം എവിടെപ്പോയി എന്ന് അണിയറക്കാർ പ്രേക്ഷകനോട് പറഞ്ഞുകൊടുക്കേണ്ടിവരും. ഇക്കാര്യങ്ങൾ മാറ്റിവച്ചാൽ എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ഒരു ലക്ഷണമൊത്ത ത്രില്ലറാണ് ദി റൈഡ്. ഇത്തരം സിനിമകൾ തീയ്യേറ്റരിൽ രക്ഷപെടേണ്ടത് മലയാള സിനിമയുടെ കൂടി ആവശ്യമാണ്. അതിനാൽ തന്നെ ഒരുമണിക്കൂർ നാൽപ്പത് മിനിറ്റിന്റെ മികച്ച ഒരു റൈഡാണ് ചിത്രം നമുക്ക് സമ്മാനിക്കുന്നത്.







