റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറുകയും മറിമായം, ഉപ്പും മുളക് സിറ്റ്കോമുകളിലൂടെ ആരാധകരെ സമ്പാദിക്കുകയും ചെയ്ത നടനാണ് എസ്. പി ശ്രീകുമാർ. രണ്ട് മാസം മുമ്പ് ശ്രീകുമാറിനും ഉപ്പും മുളകിൽ പ്രധാന വേഷം ചെയ്യുന്ന ബിജു സോപാനത്തിനുമെതിരെ നടി ലൈംഗീകാതിക്രമ പരാതി നൽകിയിരുന്നു. സീരിയൽ ചിത്രീകരണത്തിനിടെ ലൈംഗീകാതിക്രമം നടത്തിയെന്നാണ് കേസ്. ഇപ്പോഴിതാ ഇത് ഒരു വ്യാജ പരാതിയാണെന്നും കള്ളമാണെന്ന് തെളിയിക്കുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ശ്രീകുമാറിന്റെ ഭാര്യയും നടിയുമായ സ്നേഹ ശ്രീകുമാർ.
”ശ്രീയുടെ ഫോട്ടോ രണ്ടു മാസം മുൻപ് എല്ലാ ന്യൂസ് ചാനലുകളിലും വന്നു. ലൈംഗിക അതിക്രമം എന്നൊക്കെ പറഞ്ഞാണ് വാർത്ത വന്നത്. അതിന്റെ സത്യാവസ്ഥ അന്വേഷിച്ചിട്ടല്ല ആരും വാർത്തകൾ കൊടുത്തത്. അതേക്കുറിച്ച് അന്വേഷിച്ചിരുന്നുവെങ്കിൽ വാർത്ത കൊടുത്തവർക്കു തന്നെ അറിയാമായിരുന്നു ലൈംഗികാതിക്രമം എന്ന് പറയുന്ന സംഭവമേ ശ്രീയ്ക്കെതിരെ വന്നിട്ടില്ലെന്ന്. പരാതിയിലും അങ്ങനെ പറയുന്നില്ല.
ആ സ്ത്രീ ആരാണെന്നോ കേസ് എന്താണന്നോ പറയാനുള്ള സ്വാതന്ത്ര്യം പോലും എനിക്കില്ല. ഞാനും ഒരു സ്ത്രീയല്ലേ. അവർ അനുഭവിക്കുന്ന അതേ സംരക്ഷണം എനിക്കും ആവശ്യമാണ്. പക്ഷെ അത് പറയാൻ പറ്റാത്തത് എന്റെ ഗതികേടാണെന്നെ ഞാൻ പറയൂ. ആ പരാതി നൂറ് ശതമാനവും വ്യാജമാണ്. നിയമപരമായി തന്നെ അതിനെ നേരിടും എന്നുള്ള വിശ്വാസം എനിക്കുണ്ട്. സുഹൃത്തുക്കൾ എന്റെ കൂടെയുണ്ടായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും ആ വാർത്ത കേട്ട നിമിഷം ഞാൻ കടന്നുപോയ മാനസികാവസ്ഥയുണ്ട്. പക്ഷേ ഇപ്പോഴും നിയമസംവിധാനത്തിൽ വിശ്വാസമുണ്ട്. അതിന്റെ ഒറ്റ ബലത്തിലാണ് ഞങ്ങൾ ഇപ്പോഴും ഇവിടെയിരുന്ന് സംസാരിക്കുന്നത്. അത് തെളിയിച്ച ശേഷം ഒരു വരവ് കൂടി ഞാൻ വരും”, സ്നേഹ അഭിമുഖത്തിൽ പറഞ്ഞു.
നിരപരാധിത്വം തെളിയിക്കാൻ താൻ ഏതറ്റം വരെയും പോകും എന്നായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം. തന്നെ അടുത്ത് അറിയാവുന്നവർക്ക് തന്റെ ജോലിയെപ്പറ്റിയും ഞാൻ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ചുമൊക്കെ കൃത്യമായി അറിയാമെന്നും ശ്രീകുമാർ കൂട്ടിച്ചേർത്തു.