Spread the love

സ്മാര്‍ട്ട് വാച്ചാണ് ഇപ്പോള്‍ ട്രെന്‍ഡ്. സമയം നോക്കാനെന്നതിലുപരി ഫിറ്റ്‌നസിന്‍റെ ഭാഗമായും ഇപ്പോള്‍ സ്മാര്‍ട്ട് വാച്ചുകള്‍ എല്ലാവരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ പിന്നില്‍ വലിയ അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. അമേരിക്കയിലെ നോട്രെ ഡാം സര്‍വകലാശാലയാണ് ഒരു പഠനത്തിലൂടെ ഇത്തരത്തിലുള്ള അപകടം കണ്ടെത്തിയത്

സ്മാര്‍ട്ട് വാച്ചുകളുടെ ബാന്‍ഡുകളില്‍ ‘ഫോര്‍എവര്‍ കെമിക്കല്‍സ്’ എന്ന് അറിയപ്പെടുന്ന പിഎഫ്എഎസ് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. 15,000 സംയുക്തങ്ങളുടെ ഒരു വിഭാഗമാണ് പിഎഫ്എഎസ്. വെള്ളം, ചൂട്, കറ തുടങ്ങിയവ പ്രതിരോധിക്കുന്നതിന് പല ഉല്‍പന്നങ്ങളിലും ഇത് ഉപയോഗിക്കാറുണ്ട്. ഇവയെ ഫോര്‍എവര്‍ കെമിക്കല്‍സ് എന്നും അറിയപ്പെടുന്നു. ഇവ സ്വാഭാവികമായി വിഘടിക്കാതെ പ്രകൃതിയില്‍ നിലനില്‍ക്കുന്നു.

ഫ്‌ലൂറോഎലാസ്റ്റോമര്‍ ഉപയോഗിച്ചുണ്ടാക്കുന്ന സ്മാര്‍ട്ട് വാച്ചുകള്‍ ഈട് നില്‍ക്കുകയും ചെയ്യും വിയപ്പിനെ പ്രതിരോധിക്കാനും സഹായിക്കും. എന്നാല്‍ ഫ്‌ലൂറോഎലാസ്റ്റോമര്‍ ഉപയോഗിച്ചുണ്ടാക്കുന്ന സ്മാര്‍ട്ട് വാച്ച് ബാന്‍ഡുകളില്‍ മറ്റ് ഉല്‍പന്നങ്ങളില്‍ ഉള്ളതിനെക്കാള്‍ ഉയര്‍ന്ന അളവില്‍ പിഎഫ്എഎസ് അടങ്ങിയതായി പഠനത്തില്‍ കണ്ടെത്തി. ഇത് കാന്‍സര്‍, വൃക്കരോഗം, കരള്‍ പ്രശ്നങ്ങള്‍, രോഗപ്രതിരോധ വൈകല്യങ്ങള്‍, മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ കാരണമാകും.

അതുകൊണ്ടു തന്നെ സിലിക്കണ്‍ ബാന്‍ഡുകള്‍ തിരഞ്ഞെടുക്കുക, സിലിക്കണ്‍ ബാന്‍ഡുകളില്‍ പിഎഫ്എഎസ് അടങ്ങിയിട്ടില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഫ്‌ലൂറോഎലാസ്റ്റോമര്‍ ബാന്‍ഡുകളേക്കാള്‍ സിലിക്കണ്‍ സുരക്ഷിതമാണ്.സ്മാട്ട് വാച്ചുകള്‍ വാങ്ങുമ്പോള്‍ ലേബല്‍ കൃത്യമായി പരിശോധിക്കുക. ഫ്‌ലൂറോ എലാസ്റ്റോമറുകള്‍ ഉപയോഗിച്ച് നിര്‍മിച്ചവ ഒഴിവാക്കാന്‍ ഇത് സഹായിക്കും. ഉറങ്ങുമ്പോഴും വ്യായാമം ചെയ്ത് വിയര്‍ക്കാന്‍ സാധ്യതയുള്ള സാഹചര്യങ്ങളിലും വാച്ച് ഒഴിവാക്കുക.

Leave a Reply