രണ്ടുമാസത്തിലധികം എടുത്ത തിരച്ചിലിനൊടുവിൽ ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നും അർജുന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെടുത്തത്. അർജ്ജുനായുള്ള തിരച്ചിൽ പലതവണ നിർത്തിവച്ചപ്പോൾ ഇത് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് അവസാനം വരെ ഉറച്ചു നിന്ന ആളാണ് ലോറി ഉടമ മനാഫ്. അർജുന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ‘ഒരു സാധാരണ മനുഷ്യന് എവിടം വരെ പോകാമോ അവിടം വരെ താൻ പോയെന്നും അർജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു’ എന്നും മനാഫ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാലയളവിൽ വേദനിപ്പിക്കുന്ന പലതരം ആരോപണങ്ങൾക്ക് താൻ വിധേയനായെന്നും വിഷയത്തിൽ കൃത്യത വേണ്ടവർക്ക് നേരിൽ വന്ന് പരിശോധിക്കാം എന്നും പറയുകയാണ് മനാഫ്.
‘വണ്ടിക്ക് അധികം പരിക്കുണ്ടാവില്ലെന്ന് പറഞ്ഞിരുന്നില്ലേ. അതുതന്നെയാണ് ഈ കാണുന്നത്. ബാറ്ററിയില്‍ നിന്നും ജിപിഎസ് വിട്ടുപോയതുകൊണ്ടാണ് സിഗ്നല്‍ കിട്ടാതിരുന്നത്. രണ്ട് ഫോണ്‍ വാഹനത്തില്‍ നിന്നും കിട്ടി. ഇതിന്റെ ഉള്ളില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ദൈവത്തിന് മാത്രമെ അറിയൂ. അസാധ്യമായ കാര്യം സാധിക്കുകയെന്നത് ചില്ലറ മെനക്കേട് ആയിരുന്നില്ല. ഗംഗാവലി പുഴയില്‍ സമാധിയായിടത്ത് നിന്നാണ് തിരിച്ചെടുത്തത്. ഇതൊരു ചരിത്രമാണ്. വണ്ടിയുടെ ഉള്ളിലേക്ക് കയറാനുള്ള കരളുറപ്പ് ഉണ്ടായില്ല. ഗംഗാവലി പുഴയുടെ അരികില്‍ വണ്ടി കിടക്കുന്നുണ്ട്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. കള്ള അറ ഉണ്ടോ. കള്ള അറയില്‍ സ്വര്‍ണ്ണമാണോ ഡ്രഗ്‌സ് ആണോ കള്ളപ്പണം ആണാ എന്ന്’, മനാഫ് പറഞ്ഞു.