Spread the love

കോഴിക്കോട്∙ പൊതുരംഗത്തുനിന്ന് മാറി നിൽക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കെ.മുരളീധരൻ. ലോക്സഭയിലേക്കു മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ മാറ്റമില്ല. ഈ തീരുമാനം തികച്ചും വ്യക്തിപരമാണ്. ലോക്സഭയിൽ പോകാതെ നിയമസഭയിൽ പോകാൻ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞ മുരളീധരൻ, അത്തരം പ്രചാരണങ്ങൾക്കു മറുപടിയില്ലെന്നും വ്യക്തമാക്കി. മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി.മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഭാഗമല്ലെന്നും, ശരിക്കും തട്ടിപ്പ് നടത്തിയതിനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
‘‘ലോക്സഭയിലേക്കാണെങ്കിലും നിയമസഭയിലേക്കാണെങ്കിലും ജനങ്ങൾ വോട്ടു ചെയ്താൽ മാത്രമേ ജയിക്കൂ. ഇവിടെ ക്രാഷ് ലാൻഡിങ്ങോ സ്ലോ ലാൻഡിങ്ങോ ഇല്ല. ശരിക്കുള്ള ലാൻഡിങ് മാത്രമേയുള്ളൂ. പാർലമെന്റിലേക്കു മാത്രമല്ല, മത്സര രംഗത്തേക്കു തന്നെയില്ല എന്നതാണ് എന്റെ നിലപാട്. ലോക്സഭയിലേക്കു പോകാതെ നിയമസഭയിലേക്കു പോകാൻ നോക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കു മറുപടി പറയുന്നില്ല. എന്തായാലും മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു’ – മുരളീധരൻ പറഞ്ഞു. വടകരയിൽ ആരു മത്സരിച്ചാലും അവരുടെ തിരഞ്ഞെടുപ്പു വിജയത്തിനായി പ്രവർത്തിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.‘‘എ.സി.മൊയ്തീൻ പാർട്ടിയുടെ ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്താണ് കരുവന്നൂർ ബാങ്ക് തട്ടിപ്പ് നടന്നത്. അതുമായി ബന്ധപ്പെട്ട് ഒട്ടറെ പരാതികൾ ഉയർന്നെങ്കിലും പാർട്ടി ജില്ലാ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹം അത് പൂഴ്ത്തിവച്ചു. അതുകഴിഞ്ഞ് അദ്ദേഹം എംഎൽഎയും മന്ത്രിയുമായി. മന്ത്രിയായപ്പോൾ സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥൻമാർ അദ്ദേഹത്തിനു നേരിട്ടു നൽകിയ പരാതിയും പൂഴ്ത്തിവച്ചു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഇഡിയുടെ റെയ്ഡ് നടന്നത്. റെയ്ഡ് മാത്രമേ പൂർത്തിയായിട്ടുള്ളൂ. മറ്റു തുടർനടപടികൾ എന്താണെന്നു നോക്കി പാർട്ടി അതനുസരിച്ച് പ്രതികരിക്കും’ – മുരളീധരൻ വ്യക്തമാക്കി.
‘‘എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന രാഷ്ട്രീയക്കളികളോട് ഞങ്ങൾ യോജിക്കുന്നില്ല. എന്നുവച്ച് തട്ടിപ്പ് നടത്താൻ പാടില്ല. തട്ടിപ്പ് നടത്തി ഇ‌ഡി കയറുന്നതും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ വരുന്നതും രണ്ടും രണ്ടാണ്. മൊയ്തീനെതിരെ ഇഡി അന്വേഷണം വരുന്നതിനു മുൻപുതന്നെ ഈ തട്ടിപ്പിൽ അദ്ദേഹത്തിനു പങ്കുണ്ടെന്ന് ആക്ഷേപമുണ്ടായിരുന്നു. തൃശൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയും ഈ ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ഇഡി അന്വേഷണം.’ – മുരളീധരൻ ചൂണ്ടിക്കാട്ടി.

തുവ്വൂർ കൊലപാതകം ആരു ചെയ്താലും നടപടി വേണമെന്നും മുരളീധരൻ പറഞ്ഞു. പ്രതി ഏതു പാർട്ടിക്കാരനായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. കൊടി സുനിയെ വിലങ്ങ് അണിയിക്കാതെ ട്രെയിനിൽ കൊണ്ടുവന്നതിൽ അദ്ഭുതമില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.

Leave a Reply