Spread the love

വിവാദങ്ങൾക്ക് പിന്നാലെ റീഎഡിറ്റിംഗ് ചെയ്യുന്ന മോഹൻലാൽ ചിത്രം എമ്പുരാന്റെ പുതിയ പതിപ്പ് വ്യാഴാഴ്‌ച തിയേറ്ററുകളിൽ എത്തും. 17 സീനുകളിലാണ് മാറ്റം വരുത്തുന്നത്. വില്ലന്റെ പേരു മാറ്റും. ചില ഡയലോഗുകൾ മ്യൂട്ടും ചെയ്യും. നിർമ്മാതാക്കൾ തന്നെ പുതിയ പതിപ്പ് സെൻസറിംഗിന് നൽകുമെന്നാണ് വിവരം. അതേസമയം, വെട്ടിമാറ്റലുകളോടുകൂടിയെത്തുന്ന എമ്പുരാൻ പുറത്തിറങ്ങുന്നതിന് മുൻപ് പഴയ പതിപ്പ് കാണാൻ തിയേറ്ററുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നും നാളെയും അവധി ദിവസങ്ങളായതിനാൽ പ്രധാന നഗരങ്ങളിലെ തിയേറ്ററുകളിലെല്ലാം സീറ്റുകൾ ബുക്കിംഗ് പൂർത്തിയായെന്നാണ് റിപ്പോർട്ടുകൾ.

എമ്പുരാനെതിരെ ആർ.എസ്.എസ് കടുത്ത നിലപാടെടുത്തതോടെയാണ് റീഎഡിറ്റിംഗിന് അണിയറ പ്രവർത്തകർ ഒരുങ്ങുന്നത്. ചിത്രത്തിന് ഹിന്ദുവിരുദ്ധ അജൻഡയുണ്ടെന്ന വിമർശനമാണ് ആർ.എസ്.എസ് മുഖപത്രം ഓർഗനൈസർ ഉന്നയിച്ചത്. പക്ഷപാതത്തോടെയാണ് ഉള്ളടക്കം കൈകാര്യം ചെയ്തിരിക്കുന്നതെന്നും ആരോപിച്ചു. പിന്നാലെ വാർത്താവിനിമയ വകുപ്പിനോട് കേന്ദ്ര ആഭ്യന്തരവകുപ്പ് റിപ്പോർട്ട് തേടി. മന്ത്രി അനുരാഗ് ഠാക്കൂർ സെൻസർ ബോർഡിനെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ഇതോടെ നിർമ്മാതാക്കൾക്കും അണിയറ പ്രവർത്തകർക്കും വേറെ വഴിയില്ലാതായി. സെൻസർ ബോർഡ് സിനിമ തിരിച്ചുവിളിക്കുമെന്ന സൂചന കിട്ടിയതോടെയാണ് സ്വയം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്.

പരിഹാരത്തിന് മോഹൻലാൽ തന്നെ മുൻകൈ എടുത്തതായാണ് സൂചന. സെൻസർ ബോ‌ർഡ് തിരിച്ചുവിളിച്ച് സീനുകൾ മുറിച്ചുമാറ്റിയാൽ അത് കഥപറച്ചലിന്റെ തുടർച്ചയെ ബാധിക്കും. സീനുകൾ മാറ്റി എഡിറ്റ് ചെയ്ത് നൽകുന്നതാണ് നല്ലതെന്ന നിലപാട് തന്നെയായിരുന്നു സംവിധായകൻ പൃഥ്വിരാജിനും.

Leave a Reply