സംസ്ഥാനത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂട് മൂലം നിരവധി പ്രശ്നങ്ങളും അലട്ടുന്നുണ്ട്. കുടയ്‌ക്കും സൺസ്‌ക്രീനിനും പോലും സൺടാനിനെ പ്രതിരോധിക്കാനാവുന്നില്ല. എന്നാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ചില കാര്യങ്ങളിലൂടെ നമുക്ക് കരുവാളിപ്പിനെ പ്രതിരോധിക്കാൻ സാധിക്കും. മത്തങ്ങ എരിശ്ശേരിയും പായസവും കൂട്ടുകറിയുമെല്ലാം മലയാളികളുടെ തീൻമേശയിലെ പ്രധാനപ്പെട്ട വിഭവമാണ്. എന്നാൽ മത്തൻ സൗന്ദര്യ സങ്കൽപ്പത്തിന് ഗുണകരമാകുന്നത് എങ്ങനെയെന്ന് ഇന്നേ വരെ നാം ചിന്തിച്ചിട്ടില്ല.
വിറ്റമിൻ A, B1, B6,c എന്നിവയാണ് മത്തങ്ങയിൽ അടങ്ങിയിരിക്കുന്നത്. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവും മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിന് ഗുണകരമാകുന്ന ഇവ സൗന്ദര്യത്തെയും സഹായിക്കുന്നു. അതുകൊണ്ട് മത്തൻ വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.ചർമത്തിലെ ചുളിവുകൾ മാറ്റാനും തിളക്കം നൽകാനും മികച്ചതാണ് മത്തൻ. ഇതിലെ വിറ്റാമിനുകൾ, സാലിസിലിക് ആസിഡ്, ആൽഫ ഹൈഡ്രോക്സി ആസിഡ് എന്നിവയാണ് തിളക്കം നൽകാൻ സഹായിക്കുന്നത്.കൊളാജൻ ഉത്പാദനത്തിനും അൾട്രാവയലറ്റ് രശ്മികൾ മൂലമുള്ള കരുവാളിപ്പ് മാറ്റാനും മത്തങ്ങ സഹായിക്കുന്നു. പ്രായമാകുമ്പോൾ ചർമത്തിലുണ്ടാകുന്ന ചുളിവുകൾ, വലിച്ചിലുകൾ പരിഹരിക്കാനും ഇവയ്‌ക്ക് കഴിവുണ്ട്.മത്തന്റെ വിത്തും മുഖ സൗന്ദര്യത്തിന് സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന സിങ്ക് ആരോഗ്യമുള്ള മുഖസൗന്ദര്യം ഉറപ്പ് വരുത്തുന്നു. മുഖക്കുരുവിൽ നിന്നും പ്രായമാകുമ്പോൾ ശരീരത്തിലുണ്ടാകുന്ന ചുളിവുകളിൽ നിന്നുമെല്ലാം ഇത് നമുക്ക് സംരക്ഷണം നൽകുന്നു