Spread the love

സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ആരോപണങ്ങളിൽ പ്രതികരിച്ച് സംവിധായകൻ ജോഷി ജോസഫ്. ഡോക്യൂമെന്ററി സംവിധായകനായ ജോഷി ജോസഫ് കൊൽക്കത്തയിലും കേരളത്തിലുമായാണ് താമസിക്കുന്നത്. രഞ്ജിത്തിൽനിന്നും നടിക്ക് മോശം അനുഭവം ഉണ്ടായ സമയത്ത് താൻ നാട്ടിലായിരുന്നുവെന്നും സുഹൃത്തായ നടിയെ വിളിച്ചപ്പോൾ അവർ വിഷമത്തോടെ ഇക്കാര്യം പറഞ്ഞെന്നും ജോഷി ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

അന്ന് വിവരമറിഞ്ഞ് ഹോട്ടലിലെത്തി ശ്രീലേഖയെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. സുഹൃത്തായ ഫാ. അഗസ്റ്റിൻ വട്ടോളിയോടും അന്ന് ഇക്കാര്യം സൂചിപ്പിച്ചിരുന്നതായും ജോഷി ജോസഫ് വ്യക്തമാക്കിയിരുന്നു.

അതേസമയം തനിക്കു ബോധ്യമുള്ള കാര്യത്തിൽ അങ്ങേയറ്റംവരെ പോകുമെന്നും വലിയ സംഘത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും മറുവശത്തു നിൽക്കുന്നവരുടെ ശക്തിയെ ഭയമുണ്ടെന്നും ജോഷി കൂട്ടിച്ചേർത്തു. ‘താൻ വിചാരിച്ചതിനേക്കാൾ ശക്തരാണു പവർ ഗ്രൂപ്പ്. മലയാളത്തിൽ ഇത്തരം കാര്യങ്ങളുണ്ടെന്നു തെളിയിക്കാൻ ബംഗാളിൽനിന്ന് ഒരാൾ വരേണ്ടി വന്നു. എന്നെ പിന്തിരിപ്പിക്കാൻ ശ്രമങ്ങൾ നടന്നു. രഞ്ജിത്തിന്റെയും സിദ്ദീഖിന്റെയും രാജിയോടെ വ്യവസ്ഥ ആകെ മാറുമെന്ന് കരുതുന്നില്ല. ഡബ്ല്യുസിസിയുടെ പ്രവർത്തനം ആരംഭിച്ചതോടെ സിനിമാ മേഖലയിൽ വലിയ വ്യത്യാസമുണ്ടായി. ശ്രീലേഖ മിത്രയ്ക്ക് ഇ മെയിലായി പരാതി നൽകാമെന്നും ഇവിടെ നേരിട്ട് വരേണ്ട കാര്യമില്ല’ – ജോഷി ജോസഫ് പറഞ്ഞു.

Leave a Reply