കളമശേരി ∙ ലൈഫ് പദ്ധതി നടപ്പിലാക്കുന്നതിനു ഭൂമിയുണ്ട്, കെട്ടിടം നിർമിക്കാൻ പണവുമുണ്ട്. എന്നിട്ടും പദ്ധതി നടപ്പിലാവുന്നില്ല. പദ്ധതിക്കായി നഗരസഭ വിട്ടുനൽകുന്ന ഒന്നര ഏക്കർ ഭൂമി തരം മാറ്റി നൽകുന്നതിനു സർക്കാർ ഇതുവരെ തയാറാകാത്തതാണു കാരണം.ഒരു വീടെന്ന സ്വപ്നവുമായി കഴിയുന്ന, വീടും സ്ഥലവുമില്ലാത്ത 838 അപേക്ഷകരാണ് കളമശേരിയിൽ ലൈഫ് പദ്ധതിയിൽ ഇടംപിടിച്ചിരിക്കുന്നത്. ഇവരിൽ 4 പേർ അതിദാരിദ്ര്യ പട്ടികയിൽ പെട്ടവരാണ്. ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടഭൂമി തരം മാറ്റി നൽകുന്നതിനും അതിനുള്ള അപേക്ഷാഫീസ് ഒഴിവാക്കി നൽകണമെന്നും പറഞ്ഞു കഴിഞ്ഞവർഷം മാർച്ചിൽ നഗരസഭ റവന്യു മന്ത്രിക്കു നിവേദനം നൽകിയിരുന്നു. നിവേദനം ആർഡിഒയ്ക്ക് സമർപ്പിക്കാൻ നിർദേശം നൽകി. അതനുസരിച്ചു നഗരസഭ ആർഡിഒയ്ക്ക് ഓൺലൈനായി അപേക്ഷ നൽകി.
ആർഡിഒ അന്വേഷണം നടത്തി. തുടർന്ന് എൽഎൽഎംസി (ലോക്കൽ ലെവൽ മോണിറ്ററിങ് കമ്മിറ്റി) കൂടി റിപ്പോർട്ട് തയാറാക്കിയെന്നും അറിയിച്ചു. എന്നാൽ നാളിതുവരെയായിട്ടും നഗരസഭയുടെ അപേക്ഷയിൽ തീരുമാനമായിട്ടില്ല. നഗരസഭയുടെ അപേക്ഷ ഇപ്പോഴും ആർഡിഒ ഓഫിസിൽ കെട്ടിക്കിടക്കുകയാണ്. അനുമതി വൈകുന്നതിനാൽ ഡിസംബർ എട്ടിനു മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിലും നഗരസഭ പരാതി നൽകി. ഭൂമി തരം മാറ്റുന്നതിന് അനുമതി കിട്ടിയാൽ ഉടൻ ലൈഫ് ഭവന പദ്ധതിയുടെ നിർമാണ നടപടികൾ ആരംഭിക്കുമെന്നാണു നഗരസഭ പറയുന്നത്.