Spread the love

ആരോഗ്യമന്ത്രിയുടെ ഓഫീസിന് എതിരായ നിയമന തട്ടിപ്പ് ആരോപണത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി. പലതും പറയാനുണ്ട്, അന്വേഷണം നടക്കട്ടെ. സർക്കാരിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങളിൽ ഒന്നാണ് ഇത്. തന്റെ നേരെ വരെ അന്വേഷണം നീളുമെന്ന് പറഞ്ഞവരുണ്ട് അവർ ഇപ്പോൾ എന്ത് പറയുന്നുവെന്നും വീണാ ജോർജ് ചോദിച്ചു.

തന്റെ ബന്ധു കോഴ വാങ്ങിയെന്നുള്ള ആക്ഷേപം പോലും ഇതിനിടെ ഉയർത്തികൊണ്ടുവന്നു. സർക്കാരിന്റെ പ്രവർത്തനം അഴിമതിക്കെതിരെയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ താറടിച്ച് കാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആക്ഷേപങ്ങൾ ഉയർത്തുന്നത്. വലിയ ആത്മവിശ്വാസം തനിക്ക് ആദ്യം മുതലേയുണ്ട്. താൻ തെറ്റ് ചെയ്യാത്തത് കൊണ്ടാണ് അതെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം നിയമന തട്ടിപ്പ് ആരോപണത്തിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. തട്ടിപ്പുകാർ വഴി ജോലിക്ക് ശ്രമിച്ചു. ഗൂഢാലോചനയുടെ ആദ്യ ഘട്ടം ഹരിദാസിനില്ല. അഖിൽ സജീവുമായി നേരിട്ട് ബന്ധമില്ല. പരിചയം ബാസിതിനെയും ലെനിനെയുമാണ്. കെ ബാസിതിനെ പ്രതിചേർത്തേക്കും.

ഹരിദാസനെ ചോദ്യം ചെയ്യുന്നത് തുടരും. ഹരിദാസിനെ ഉടൻ പ്രതി ചേർക്കാതെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ സെക്രട്ടറിയേറ്റിന് മുൻപിൽ വച്ച് അഖിൽ മാത്യുവിനെന്നല്ല, താൻ ആർക്കും പണം നൽകിയിട്ടില്ലെന്ന് ഹരിദാസ് മൊഴി നൽകിയിരുന്നു.

നിയമന കോഴക്കേസിൽ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിന് ക്ലീൻ ചിറ്റ് നൽകുന്ന മൊഴിയാണ് ഹരിദാസൻ ഇന്നലെ നൽകിയത്. അഖിൽ മാത്യുവിന് പണം നൽകിയെന്ന് താൻ പറഞ്ഞത് സുഹൃത്തായ ബാസിതിന്‍റെ നിർദേശപ്രകാരമാണെന്ന് ഹരിദാസ് വെളിപ്പെടുത്തി.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിൽ ആരംഭിച്ച ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തിൽ പണം കൈമാറിയെന്ന മൊഴിയിൽ ഹരിദാസൻ ഉറച്ചുനിന്നിരുന്നു. എന്നാൽ കൂടുതൽ വിശദമായ ചോദ്യം ചെയ്യലിലാണ് ഹരിദാസൻ കുറ്റസമ്മതം നടത്തിയത്.

ചോദ്യം ചെയ്യൽ രാത്രി വൈകിയും തുടർന്നു. ഇതോടെ കേസിൽ ബാസിതിന്റെ പങ്ക് കൂടുതൽ വ്യക്തമായി. നിയമനത്തട്ടിപ്പിൽ ഒരു വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അതിൽ ബാസിതും ഉൾപ്പെട്ടിട്ടുണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്.സെക്രട്ടറിയേറ്റ് അനക്സ് രണ്ടിന് മുന്നിൽ വെച്ച് താൻ അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ പണമായി നൽകിയെന്ന ആരോപണമായിരുന്നു ഹരിദാസൻ ഉയർത്തിയത്.

Leave a Reply