മറ്റൊരു കാലഘട്ടത്തോടും ഉപമിക്കാൻ കഴിയാത്ത തരത്തിൽ സമകാലീന സമൂഹത്തിൽ പൈശാചികമായ കുറ്റകൃത്യങ്ങളും ആക്രമണങ്ങളും യുവതലമുറയുടെ മോശം സ്വഭാവരീതികളും കൂടി വരുന്ന സാഹചര്യത്തിൽ സിനിമകൾക്കും സോഷ്യൽ മീഡിയയ്ക്കും ഇക്കാര്യത്തിൽ പങ്കുണ്ടോ എന്നത് സമൂഹം ഗൗരവകരമായി ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനോടടുപ്പിച്ച് സിനിമയിൽ ക്രമാതീതമായി മയക്കുമരുന്ന് ഉപയോഗം കൂടുന്നു എന്നതടക്കമുള്ള കാര്യങ്ങളും ചർച്ചയായിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ. മയക്കുമരുന്ന് കേസിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ മേക്കപ്പ് മാൻ ആർ ജി വയനാടൻ അറസ്റ്റിലായതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു ദിലീഷ് പോത്തൻ.
”ലഹരി ആര് ഉപയോഗിച്ചാലും തെറ്റാണ്. പക്ഷെ 4000 പേര്‍ അറസ്റ്റിലായതില്‍ ഒരു സിനിമാക്കാരനേ ഉള്ളു. ഡോക്ടര്‍മാരും ബിസിനസുകാരും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകളും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത് തെറ്റായി തുടരുന്നു.”
”അത് ന്യായീകരണം അര്‍ഹിക്കുന്നില്ല. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. ഈ സമൂഹത്തില്‍ ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ സിനിമയിലും ഉണ്ടാകും. എങ്കിലും സിനിമയില്‍ ക്രമാതീതമായ രീതിയില്‍ ലഹരി ഉപയോഗം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല” എന്നാണ് ദിലീഷ് പോത്തന്‍ പറയുന്നത്.