തിരുവനന്തപുരം: സംസ്ഥാനത്തെ തീയേറ്ററുകൾക്ക് ഇളവില്ല. ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. ഇതോടെ അൻപത് ശതമാനം പേർക്ക് മാത്രം പ്രവേശനം എന്നത് തുടരും. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പൊതുസ്ഥിതി വിലയിരുത്തിയാണ് കൂടുതൽ ഇളവുകൾ നൽകേണ്ടതില്ല എന്ന കാര്യത്തിൽ ശനിയാഴ്ച ചേർന്ന അവലോകന യോഗം തീരുമാനമെടുത്തത്.
തിയേറ്ററുകളിൽ എല്ലാ സീറ്റിലും കാണികളെ അനുവദിക്കണമെന്നായിരുന്നു തിയേറ്ററുടമകളുടേയും സിനിമാ മേഖലയിലുള്ളവരുടേയും ആവശ്യം. എന്നാലിത് അംഗീകരിക്കാനാവില്ലെന്നാണ് സർക്കാർ നിലപാട്. കോവിഡുമായി ബന്ധപ്പെട്ട് നിലവിൽ സംസ്ഥാനത്ത് വളരെക്കുറച്ച് നിയന്ത്രണങ്ങൾ മാത്രമേയുള്ളൂ. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് തിയേറ്ററുകളിലെ 50 % സീറ്റിങ് കപ്പാസിറ്റിയാണ്.
എയർ കണ്ടീഷൻ പ്രവർത്തിപ്പിക്കുന്ന സ്ഥാപനങ്ങളായതിനാൽ കൂടുതൽ ആളുകളെ അനുവദിക്കാൻ കഴിയില്ലെന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിയേറ്ററുകൾക്ക് കൂടുതൽ ഇളവുകൾ വേണ്ട എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തിയത്.
അതേ സമയം സിനിമാതിയറ്ററുകളില്‍ നിലവില്‍ 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രദര്‍ശനം നടത്താനാണ് സര്‍ക്കാറിന്‍റെ അനുമതിയെങ്കിലും ഇതിന് വിരുദ്ധമായി പല തിയറ്ററുകളിലും കൂടുതല്‍ ആളുകളുമായി പ്രദര്‍ശനം നടത്തുന്നതായി ദുല്‍ഖര്‍ സല്‍മാന്‍റെ നിര്‍മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസ് പരാതി നല്‍കി.
തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിനാണ് കുറുപ്പിന്‍റെ നിര്‍മാതാക്കളായ വേഫെയറര്‍ പരാതി നല്‍കിയത്.സംഭവത്തില്‍ തിയറ്ററുകള്‍ വഞ്ചന കാണിച്ചാല്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് ഫിയോക്ക് പ്രസിഡന്‍റ് കെ വിജയകുമാര്‍ അറിയിച്ചു. ഇത്തരം കേസുകളില്‍ നിര്‍മ്മാണ കമ്പനിക്ക് നഷ്ടപരിഹാരം കൊടുക്കുകയും തിയേറ്ററിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.