തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളോടെ ഫോക്കസ് ഏരിയ നിശ്ചയിച്ചുള്ള പരീക്ഷ രീതി നിർത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂൺ രണ്ടുമുതൽ 18 വരെയാണ് പ്ലസ് വൺ പരീക്ഷ. ഫോക്കസ് ഏരിയ നിശ്ചയിക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നിലനിന്നിരുന്നു. ചൊവ്വാഴ്ച പ്ലസ് വൺ പരീക്ഷയുടെ ടൈംടേബിൾ സഹിതമുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നാലെയാണ് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയത്.
കോവിഡ് വ്യാപനം കാരണം 2021ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്കാണ് ആദ്യം ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്തിയത്. പിന്നാലെ പ്ലസ് വൺ പരീക്ഷക്കും ഫോക്കസ് ഏരിയ നിശ്ചയിച്ചു. ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചിട്ടുണ്ട്. 60 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയായി നിശ്ചയിച്ചത്. ഇതിൽ നിന്ന് പരീക്ഷക്ക് 70 ശതമാനം മാർക്കിനുള്ള ചോദ്യം ഉറപ്പാക്കുന്ന രീതിയിലാണ് ചോദ്യപേപ്പർ ഘടന. കഴിഞ്ഞവർഷം ഫോക്കസ് ഏരിയ നിശ്ചയിച്ചതുകാരണം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസുകാരുടെ എണ്ണം വൻതോതിൽ വർധിച്ചത് പ്ലസ് വൺ, ബിരുദ പ്രവേശനങ്ങളിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഈ വർഷം കോവിഡ് രണ്ട്, മൂന്ന് തരംഗങ്ങളിൽ അധ്യയനം മുടങ്ങിയ സാഹചര്യം പരിഗണിച്ചാണ് പാഠഭാഗങ്ങളുടെ ശതമാനം ഉയർത്തി ഫോക്കസ് ഏരിയ നിശ്ചയിച്ചത്. ഇതിന് പുറമെ ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ എ പ്ലസ് ലഭിക്കുന്ന രീതിയും അവസാനിപ്പിച്ചു. പിന്നാലെ ജൂണിൽ വരുന്ന പ്ലസ് വൺ പരീക്ഷക്ക് ഫോക്കസ് ഏരിയ വേണ്ടെന്നും തീരുമാനിച്ചു. ഇതോടെ വിദ്യാർഥികൾ പാഠഭാഗങ്ങൾ പൂർണമായും പഠിക്കേണ്ടിവരും.
ഫോക്കസ് ഏരിയ സമ്പ്രദായം നടപ്പാക്കാനുള്ള സാധ്യത മുന്നിൽ കണ്ട് എസ്.സി.ഇ.ആർ.ടി നേരത്തെ തന്നെ കരട് തയാറാക്കിയിരുന്നു. പാഠഭാഗങ്ങൾ പൂർണമായും പഠിക്കുന്ന സാഹചര്യം ഇല്ലാതായതോടെ കഴിഞ്ഞ നീറ്റ് -യു.ജി, ജെ.ഇ.ഇ തുടങ്ങിയ ദേശീയ പ്രവേശന പരീക്ഷകളിൽ മുൻനിര റാങ്കിൽ എത്തിയവരുടെ കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ എണ്ണം വൻതോതിൽ കുറയുകയും ചെയ്തിരുന്നു.