ന്യൂഡൽഹി :വാക്സിൻ വിതരണ നയത്തിൽ സുപ്രീംകോടതിയുടെ ഇടപെടലുകളുടെ ആവശ്യമില്ല എന്ന് കേന്ദ്രസർക്കാർ.അസാധാരണ പ്രതിസന്ധിഘട്ടങ്ങളിൽ പൊതുതാൽപര്യം പരിഗണിച്ച് നയങ്ങൾ സ്വീകരിക്കാനുള്ള വിവേചനാധികാരം സർക്കാരിന് ഉണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രോഗവ്യാപന തോത്, വാക്‌സിൻ ലഭ്യതയുടെ പരിമിതി ഇവയുടെ അടിസ്ഥാനത്തിൽ എല്ലാവർക്കും ഒരുപോലെ വാക്സിൻ ലഭ്യമാക്കാൻ സാധിക്കില്ല എന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.വാക്സിൻ നയരൂപീകരണം, സംസ്ഥാന സർക്കാരുകൾ, വിദഗ്തർ,വാക്‌സിൻ നിർമാതാക്കൾ തുടങ്ങിയവരുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷമായിരുന്നു.
സംസ്ഥാന സർക്കാരുകൾ സൗജന്യമായാണ് വാക്സിൻ നൽകുന്നത്. അതിനാൽ വിലയിലെ വ്യത്യാസം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ല എന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം വ്യക്തമാക്കുന്നു. പക്ഷപാത രഹിതമായി വാക്സിൻ വിതരണം ഇത് ഉറപ്പുവരുത്തുന്നതാണ് വാക്സിൻ നയം.പൊതുപണം വാക്സിൻ നിർമ്മാതാക്കൾക്ക് അനർഹമായി ലഭിക്കില്ല എന്ന് ഉറപ്പ് വരുത്തിയതായും കേന്ദ്രം വ്യക്തമാക്കി.വാക്‌സിൻ നിർമാണത്തിന്റെ സാമ്പത്തിക റിസ്ക് നിർമാതാക്കൾ ഏറ്റെടുത്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ ഒരേ വിലയിൽ ലഭിക്കുമെന്ന് ഉറപ്പാക്കിയിട്ടുണ്ട്.യുക്തിപൂർണ്ണവും,പക്ഷപാത രഹിതമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാന സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നു എന്നും ഉറപ്പു വരുത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളേക്കാൾ ഉപരിയായി കേന്ദ്രം വാക്സിൻ വാങ്ങുന്നുണ്ട്, അതിനാലാണ് കേന്ദ്ര സംസ്ഥാന സർക്കാറിനുള്ള വിലയിൽ ചെറിയ വ്യത്യാസം പ്രതിഫലിക്കുന്നത്.
സർക്കാർ വാസ്‌സിൻ കേന്ദ്രങ്ങളിൽ സമ്മർദ്ദം കുറയ്ക്കാനായി 18നും 44 നും ഇടയിൽ പ്രായമുള്ളവർക്ക് സംസ്ഥാന സർക്കാറുകൾക്കായി നീക്കിവച്ചിരിക്കുന്ന വാക്സിന്റെ 50 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കും.പണം നൽകി സ്വീകരിക്കാൻ കഴിയുന്നവർ സ്വാകാര്യ ആശുപത്രികളെ ആശ്രയിക്കും. ഈ കാര്യങ്ങളും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. കോടതി സ്വമേധയാ എടുത്ത കേസ് ഏപ്രിൽ 30ന് പരിഗണിക്കാനിരിക്കെ സർക്കാരിൻറെ വാക്സിൻ നയം പുനപരിശോധിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിന്റെ സത്യവാങ്മൂലം ജസ്റ്റിസ് ഡി. വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഇന്ന് പരിഗണിക്കും.