നടൻ ശ്രീനിവാസൻ്റെ വിയോഗത്തിൻ്റെ ഞെട്ടലിലാണ് ചലച്ചിത്രലോകം. ആയിരക്കണക്കിന് പേരാണ് തങ്ങളുടെ പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാനായി ഒഴുകിയെത്തുന്നത്. ഈ സാഹചര്യത്തിൽ ശ്രീനിവാസൻ മുമ്പ് മരണത്തെക്കുറിച്ച് പങ്കുവെച്ച വാക്കുകളും ശ്രദ്ധനേടുകയാണ്. മരണത്തെ നമ്മൾ പർവതീകരിച്ച് വലിയൊരു സംഭവമാണെന്ന് വിചാരിക്കേണ്ട ആവശ്യമില്ലെന്നാണ് ശ്രീനിവാസൻ അന്ന് പറഞ്ഞത്.
2019-ൽ ദേഹാസ്വാസ്ഥ്യമുണ്ടായപ്പോൾ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവശിപ്പിച്ചിരുന്നു. 24 മണിക്കൂർ കഴിഞ്ഞാണ് അന്ന് അദ്ദേഹം ബോധത്തിലേക്ക് തിരികെ വന്നത്. വിം.എം. വിനു സംവിധാനം ചെയ്ത കുട്ടിമാമ എന്ന ചിത്രത്തിനായി ഡബ്ബ് ചെയ്യുന്നതിനിടെയായിരുന്നു ശ്വാസം മുട്ടൽ ഉണ്ടായത്. പിന്നീട് ആരോഗ്യം വീണ്ടെടുത്തപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് മരണത്തേക്കുറിച്ച് ശ്രീനിവാസൻ സംസാരിച്ചത്.
ശ്രീനിവാസന്റെ വാക്കുകളിലേക്ക്…
‘സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ശ്വാസം മുട്ടൽ ഉണ്ടായത്. വിനുവാണ് എന്‍റെ ജീവൻ തിരിച്ചുകൊണ്ടുവന്നത്. മരണത്തെ നമ്മൾ പർവതീകരിച്ചിട്ട് വലിയൊരു സംഭവമാണെന്ന് വിചാരിക്കേണ്ട ആവശ്യമില്ല. കുട്ടിമാമ എന്ന സിനിമയ്ക്കായി ഡബ്ബിങ് തിയേറ്ററിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് ശ്വാസം മുട്ടൽ ഉണ്ടായത്.
ശ്വാസം മുട്ടിയപ്പോൾ വിനു ഹോസ്പിറ്റലിൽ പോണോ എന്ന് ചോദിച്ചു. ഹോസ്പിറ്റലിൽ ഒന്നും പോകേണ്ട എന്ന് ഞാൻ നിർബന്ധം പിടിച്ചു. പക്ഷേ ശ്വാസം മുട്ടൽ കൂടുതലായി. ഞാൻ ഹോസ്പിറ്റലിൽ പോകേണ്ട എന്ന് പറയുമ്പോഴും വിനു എന്റെ പ്രതിഷേധം അല്ലെങ്കിൽ നിഷേധം വകവെക്കാതെ വേറെ ആരൊക്കെയോ കൂടിയിട്ട് എന്നെ നിർബന്ധമായിട്ട് പിടിച്ചിറക്കി കൊണ്ടുപോയി. അവസാനം കാറിൽ കയറ്റി തൊട്ടടുത്തുള്ള എറണാകുളം മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോവുയാണ് ചെയ്തത്. ബൈപ്പാസിലേക്ക് കയറുന്നതിനു മുമ്പുള്ള കാക്കനാട് നിന്ന് വരുന്ന റോഡ് ഉണ്ടല്ലോ… ലാൽമീഡിയിൽ നിന്ന് വരുമ്പോൾ ആ റോഡിലൂടെ വാഹനം ഇങ്ങനെ പോകുന്നത് മാത്രമാണ് എന്റെ ഓർമ്മയിൽ ഉള്ളത്. പിന്നെ എനിക്ക് ബോധമില്ല. ബോധം വരുന്നത് ഏകദേശം 24 മണിക്കൂർ കഴിഞ്ഞിട്ടാ.
അപ്പൊ ഇതിനിടയിൽ വേണമെങ്കിൽ മരിച്ചു പോകാം. അപ്പൊ എനിക്ക് ഒരു കാര്യം മനസ്സിലായി മരിക്കാൻ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട, ബോധം പോയ ആ ഘട്ടം തന്നെ വേണെങ്കിൽ ചില ആൾക്കാർ മരണം വലിയൊരു സംഭവമായിട്ട് എടുക്കുമല്ലോ അതിൻ്റെയൊന്നും കാര്യമൊന്നുമില്ല. മരണം എന്ന് പറയുന്നത് ഒഴിവാക്കാൻ പറ്റാത്ത നിസ്സാരമായ ഒരു കാര്യമാണെന്ന് വേണമെങ്കിൽ നമുക്ക് കരുതാവുന്നതാണ്. മരണത്തെ നമ്മൾ പർവതീകരിച്ചിട്ട് വലിയൊരു സംഭവമാണെന്ന് വിചാരിക്കേണ്ട ആവശ്യമില്ല. പലരും പേടിക്കില്ലേ അതെന്തിനാണ് പേടിക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാവാത്തത്. എനിക്ക് പേടിയേ തോന്നിയില്ല ഇത്രയേ ഉള്ളല്ലോ മരണം എന്നാണ് തോന്നിയത്. അപ്പോ ഞാൻ വിനുവിനോട് പറഞ്ഞത് വിനുവാണ് എന്‍റെ ജീവൻ തിരിച്ചുകൊണ്ടുവന്നത് അതുകൊണ്ട് ഇനി അങ്ങോട്ടുള്ള എന്‍റെ ജീവിത ചെലവൊക്കെ വിനു വഹിക്കണം.
എന്നെ ജീവിപ്പിച്ച പുള്ളിയല്ലേ അപ്പൊ പിന്നെ ഇനിയുള്ള കാര്യങ്ങൾക്കൊക്കെ പുള്ളി ഉത്തരവാദിയാണ്. സ്വാഭാവികമായും പുള്ളി മാത്രമാണ് എന്റെ ജനനത്തിന് ഉത്തരവാദി. സാധാരണ മക്കൾ ഉണ്ടായി കഴിഞ്ഞാൽ അച്ഛനും അമ്മയുമല്ലേ ഉത്തരവാദികൾ. അതുപോലെ എന്റെ ജീവൻ രക്ഷിച്ചത് വിനുവാണ്. അവിടെ വെച്ച് ഞാൻ പറഞ്ഞു ഇനിയുള്ള ജീവിതത്തിനുള്ള എല്ലാ ചെലവും വിനു വഹിക്കണം എന്ന്. അത് പുള്ളി ചെയ്യുമോ എന്ന് എനിക്കറിയില്ല.’







