കൊച്ചി : മറൈൻഡ്രൈവിൽ രാത്രി നിരോധനം നടപ്പാക്കേണ്ടെന്നു ജിസിഡിഎ തീരുമാനിച്ചു. രാത്രി 10 മുതൽ രാവിലെ 5വരെ ഒരു മാസത്തേക്കു മറൈൻഡ്രൈവ് വോക്‌വേയിൽ പ്രവേശനം നിരോധിക്കാൻ മുൻപെടുത്ത തീരുമാനമാണു വേണ്ടെന്നു വച്ചത്. കർശന നിയന്ത്രണങ്ങൾ ഇൗ സമയത്തുണ്ടാകും. വോക്‌വേയിൽ ഉച്ചഭാഷിണികളോ അതിരുവിട്ട ശബ്ദമോ അനുവദിക്കില്ല. കച്ചവടവും നിരോധിക്കും. ആളുകൾക്കു വോക്‌വേ ഉപയോഗിക്കാം. എന്തൊക്കെ നിബന്ധനകൾ എന്നതു ജിസിഡിഎ വോക്‌വേയിൽ എഴുതി പ്രദർശിപ്പിക്കും.നിലവിലുള്ള നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ചു തന്ന നിരീക്ഷണം ശക്തമാക്കാമെന്നു പൊലീസ് അറിയിച്ചു.
മറൈൻഡ്രൈവ് കോംപ്ലക്സിലെ പൊലീസ് ക്യാബിനിൽ ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിക്കാം. ആവശ്യമെങ്കിൽ കൂടുതൽ സ്ഥലത്തു ക്യാമറ വയ്ക്കും. ഇതിന്റെ ചെലവു ജിസിഡിഎ വഹിക്കും. കൂടുതൽ പൊലീസുകാരെ നിയോഗിക്കാതെ തന്നെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇതുവഴി കഴിയും. വോക്‌വേയിലെ മാലിന്യ സംസ്കരണത്തിനു ഹരിത സഹായ സംഘത്തെ ഏർപ്പെടുത്തും. ഇതിന്റെ ചെലവു ജിസിഡിഎ വഹിക്കും.
പൊലീസ്, ജിസിഡിഎ, കോർപറേഷൻ, സിഎസ്എംഎൽ, വ്യാപാരികൾ, ഫ്ലാറ്റ് റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുൾപ്പെട്ട വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കാനും തീരുമാനമായി.ജിസിഡിഎ, കോർപറേഷൻ, പൊലീസ്, സിഎസ്എംഎൽ, ശുചിത്വമിഷൻ, വ്യാപാരികൾ, ജിസിഡിഎ ഷോപ് ഓണേഴ്സ്, അപ്പാർട്മെന്റ് ഓണേഴ്സ് അസോസിയേഷൻ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണു തീരുമാനം.