കാക്കനാട്∙ തൃക്കാക്കര മുനിസിപ്പൽ സ്റ്റേഡിയം അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ചു സ്പോർട്സ് സമുച്ചയം സ്ഥാപിക്കാനുള്ള പദ്ധതി സ്ഥല പരിമിതിയിൽ കുരുങ്ങി. സ്റ്റേഡിയം വികസനത്തിന് സ്പോർട്സ് കൗൺസിൽ അനുവദിച്ച ആദ്യഗഡുവായ മൂന്നു കോടി രൂപ ചെലവഴിക്കാനാകാത്ത അവസ്ഥയാണ് . ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഏകോപിപ്പിക്കാൻ ഉമ തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ സർവകക്ഷി സമിതി രൂപീകരിച്ചിരുന്നു. ഇവർ ശ്രമിച്ചിട്ടും സ്ഥലം ലഭ്യമാക്കാനായില്ല. നിലവിലെ സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്ത് റോഡാണ്. ഇവിടേക്ക് സ്റ്റേഡിയം വികസിപ്പിക്കാനാകില്ലെന്നും മറുഭാഗത്തെ പുറമ്പോക്ക് ഭൂമി ലഭിക്കാനിടയില്ലെന്നുമാണ് കായിക വകുപ്പിന്റെ അറിയിപ്പ്.
ഫുട്ബോൾ ഗ്രൗണ്ട്, അത്‍ലറ്റിക് ട്രാക്ക്, ബാഡ്മിന്റൻ–വോളിബോൾ കോർട്ടുകൾ, ജിംനേഷ്യം തുടങ്ങിയവ ഉൾപ്പെടുന്ന സ്പോർട്സ് സമുച്ചയമാണ് ലക്ഷ്യമിട്ടിരുന്നത്. തദ്ദേശീയർക്കു കായിക വിനോദത്തിനും പരിശീലനത്തിനുമുള്ള സ്ഥിരം സൗകര്യം ആദ്യഘട്ടത്തിൽ തീർക്കാനായിരുന്നു തീരുമാനം. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കൊച്ചിയിൽ നടക്കുന്ന കായിക മത്സരങ്ങളിൽ ചിലതിനെങ്കിലും ആതിഥേയത്വം വഹിക്കാനാകും വിധം തൃക്കാക്കര സ്റ്റേഡിയത്തെ സജ്ജമാക്കലാണ് രണ്ടാം ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത്.