Spread the love

24 വർഷങ്ങൾക്കു മുമ്പ് പുറത്തിറങ്ങി പരാജയപ്പെട്ട ഒരു സിനിമ വർഷങ്ങൾക്കിപ്പുറം 2024ൽ കഥയും സംവിധായകരും സാങ്കേതികവിദ്യയും മാറി തുടങ്ങിയ ഒരു കാലത്തിലിറങ്ങി അത്ഭുതം സൃഷ്ടിക്കുന്ന മായക്കാഴ്ച. സിബിമലയിൽ- വിദ്യാസാഗർ- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദേവദൂതന്റെ വിജയത്തെ കുറിച്ചാണ് പറയുന്നത്.

2000 ൽ പുറത്തിറങ്ങിയ ചിത്രം റീ-റിലീസ് ചെയ്തപ്പോൾ പ്രതീക്ഷിച്ചതിലും മികച്ച വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. റീ -റിലീസ് വൻ വിജയമായതോടെ ഇപ്പോഴിതാ ചിത്രം കൂടുതൽ തിയേറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തിൽ പല സ്ഥലങ്ങളിലും ടിക്കറ്റുകൾ കിട്ടാത്ത അവസ്ഥ ഇന്നലെ ഉണ്ടായിരുന്നു. ഇതോടെയാണ് ഇന്നലെ 56 തിയറ്ററുകളിൽ റിലീസ് ഉറപ്പിച്ച ചിത്രം ഇന്ന് 100 തിയറ്ററുകളിലേക്കുയർത്തിയത്. കേരളത്തിന് പുറമേ കോയമ്പത്തൂർ, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, മംഗളൂരു, ദില്ലി എന്നിവിടങ്ങളിലും റിലീസ് ഉണ്ട്.

ജയപ്രദ, ജനാർദ്ദനൻ, മുരളി, വിനീത്, ജ​ഗദീഷ്, ലെന, വിജയ ലക്ഷ്മി, ശരത് തുടങ്ങി നിരവധി താരങ്ങൾ മോഹന്‍ലാലിനൊപ്പം ചിത്രത്തിൽ അണിനിരന്നിരുന്നു. വിശാൽ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. റീ മാസ്റ്റേർഡ്, റീ എഡിറ്റഡ് പതിപ്പാണ് തിയറ്ററുകളിൽ എത്തിയിരിക്കുന്നത്. രഘുനാഥ് പലേരിയാണ് സിനിമയുടെ തിരക്കഥാകൃത്ത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസിന്‍റെ നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. 

Leave a Reply