കേരള ബാങ്കിന്റെ പ്യൂൺ മുതലുള്ള മുഴുവൻ തസ്തികകളിലെയും നിയമനങ്ങൾ പിഎസ്‌സി വഴിയാണെന്നും നേരിട്ട് നിയമനം നൽകുന്ന രീതി ബാങ്കിനില്ലെന്നും ജനറൽ മാനേജർ അറിയിച്ചു. കേരള ബാങ്കിന്റെ പേരിൽ വ്യാജ നിയമന ഉത്തരവ് നൽകി കബളിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മുന്നറിയിപ്പ്.
ബാങ്കിന്റെ ലോഗോ അനധികൃതമായി ഉപയോഗിച്ച് “പ്രൊബേഷണറി ഓഫീസർ ഇൻ ജൂനിയർ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ I’ തസ്തികയിലേക്ക് താൽക്കാലികമായി തെരഞ്ഞെടുത്തുവെന്ന് കാണിക്കുന്ന വ്യാജനിയമന കത്ത് കോഴിക്കോട് സ്വദേശിക്കാണ് ലഭിച്ചത്.
നിയമനത്തിനായി ‘കേരള ബാങ്ക്, സ്റ്റാഫ് ട്രെയിനിങ് സെന്റർ, ചാലപ്പുറം, കോഴിക്കോട്’ എന്ന ഓഫീസിൽ രണ്ടാഴ്ചത്തെ ‘ഇൻഡക്‌ഷൻ പ്രോഗ്രാമിൽ’ പങ്കെടുക്കണമെന്നും കത്തിലുണ്ടായിരുന്നു. ബാങ്കിന്റെ ലോഗോ ഉപയോഗിച്ച് ‘കേരള ബാങ്ക്, ഹ്യൂമൻ റിസോഴ്സസ് ഡിപ്പാർട്ട്മെന്റ്, ഹെഡ് ഓഫീസ്, ചാലപ്പുറം, കോഴിക്കോട്’ എന്ന വ്യാജ വിലാസത്തിൽ ‘ആർ എം രാമകൃഷ്ണൻ, അസിസ്റ്റന്റ് ജനറൽ മാനേജർ ആൻഡ് അപ്പോയിന്റിങ് അതോറിറ്റി’ എന്ന പേരിലാണ് വ്യാജ നിയമന കത്ത് നൽകിയത്. കത്തിൽ പരാമർശിക്കുന്ന തസ്തികയായ ‘പ്രൊബേഷണറി ഓഫീസർ’ ബാങ്കിന്റെ റിക്രൂട്ട്മെന്റ് റൂൾ പ്രകാരം നിലവിൽ ഇല്ലാത്തതാണെന്നും അധികൃതർ വ്യക്തമാക്കി.