Spread the love

ദില്ലി: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ തിരുവനന്തപുരത്ത് മത്സരങ്ങള്‍ അനുവദിക്കാതിരുന്നതില്‍ ആരാധകരുടെ പ്രതിഷേധം ശക്തമാണ്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായിട്ടും ആരാധകരുടെ വലിയ പിന്തുണ ഉറപ്പായിട്ടും ഗ്രീന്‍ഫീല്‍ഡിനെ തഴഞ്ഞു എന്നാണ് വിമര്‍ശനം. ഇതിനിടെ ലോകകപ്പിനായി കോടികള്‍ മുടക്കി മറ്റ് സ്റ്റേഡിയങ്ങള്‍ നവീകരിക്കുകയാണ് ബിസിസിഐ. ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്ന ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡ‍ിയം മാത്രം 20-25 കോടി രൂപ മുടക്കി നവീകരിക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ റിപ്പോര്‍ട്ട്.

അഹമ്മദാബാദ്, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ധരംശാല, ഡല്‍ഹി, ഹൈദരാബാദ്, ലഖ്‌നൗ, പൂനെ, ബെംഗളൂരു എന്നിവിടങ്ങളാണ് ലോകകപ്പ് മത്സരങ്ങളുടെ വേദികള്‍. തിരുവനന്തപുരത്തിന് പുറമെ മൊഹാലിയും ഇന്‍‍ഡോറും റാ‌ഞ്ചിയും ലോകകപ്പ് വേദികളുടെ പട്ടികയില്‍ നിന്ന് തഴയപ്പെട്ടിരുന്നു. ഇതില്‍ പ്രതിധേഷം ശക്തമാകുന്നതിനിടെയാണ് ലോകകപ്പ് വേദികളായി പ്രഖ്യാപിച്ച മൈതാനങ്ങള്‍ കോടികള്‍ മുടക്കി ബിസിസിഐ നവീകരിക്കുന്നത്. ഫൈനലിന് വേദിയാവുന്ന അഹമ്മദാബാദിലെ നരേന്ദ്ര സ്റ്റേഡിയത്തില്‍ പുതിയ പുല്‍ വച്ചുപിടിപ്പിക്കുന്നത് അടക്കമുള്ള പണികള്‍ പുരോഗമിക്കുകയാണ്. ഇതിനൊപ്പമാണ് ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം 25 കോടി രൂപയോളം മുടക്കി നവീകരിക്കാന്‍ ബിസിസിഐ തയ്യാറാവുന്നത്. ലോകകപ്പ് വേദിയായി തഴയപ്പെട്ട പല സ്റ്റേഡിയങ്ങളും മത്സരസജ്ജമാക്കാന്‍ ഇത്ര തുക പോലും വേണ്ടാ എന്നിരിക്കേയാണ് ബിസിസിഐയുടെ ഈ വിവാദ നീക്കം.

Leave a Reply