കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ശക്തമായ തെളിവുണ്ടെന്ന് സര്‍ക്കാര്‍. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവുകള്‍ കൈവശമുണ്ട്. ഇത് തുറന്ന കോടതിയില്‍ പറയാനാവില്ല. മുദ്ര വെച്ച കവറില്‍ ഇത് കൈമാറിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് പറഞ്ഞാല്‍ അത് ഗൂഢാലോചനയാകില്ല. ഗൂഢാലോചനയും പ്രേരണയും വ്യത്യസ്തമാണ്. കൊല്ലുമെന്ന് വെറുതെ പറഞ്ഞാല്‍ പ്രേരണയായി കണക്കാക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. അപ്പോള്‍, വെറുതെ പറഞ്ഞതല്ലെന്നും, അതിനപ്പുറം ചില നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
ഗൂഢാലോചന നടന്ന കൃത്യം നടന്നില്ലെങ്കിലും ആരോപണം അന്വേഷിക്കാവുന്നതാണെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ സുപ്രീംകോടതി ഉത്തരവുകള്‍ ഉണ്ട്. ഗൂഢാലോചന കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്നത്തെ അവസാനകേസായി പരിഗണിക്കാനായി ഹൈക്കോടതി മാറ്റി. ജസ്റ്റിസ് പി ഗോപിനാഥ് ആണ് ജാമ്യഹർജി പരിഗണിക്കുന്നത്.
ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തു സർക്കാർ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ദിലീപിന് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം എന്നാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സർക്കാർ നിലപാട് എടുത്തിട്ടുണ്ട്. അതേസമയം തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിന്റെ വാദം.