പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി സംസാരിച്ചു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം. ചർച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നൽകണമെന്ന നിലപാട് മോദി അറിയിച്ചു. യുക്രൈൻ എംബസിയിലും കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. യുക്രൈയിൻ്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാൻ പൗരന്മാർക്ക് നിർദ്ദേശം നൽകും. ഇരുപതിനായിരം ഇന്ത്യക്കാരെ ഒഴിപ്പിക്കേണ്ടതുണ്ട്. ഇതുവരെ ഒഴിപ്പിച്ചത് നാലായിരം പേരെയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈയിനിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാലു രാജ്യങ്ങൾ വഴി ഒഴിപ്പിക്കാനാണ് തീരുമാനം. ഹംഗറി, പോളണ്ട്, സ്ലൊവേകിയ, റൊമാനിയ അതിർത്തികളിലൂടെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.