ലിജോ ജോസ് സംവിധാനം ചെയ്ത വിവാദ ചിത്രം ചുരുളിയെക്കുറിച്ചും ചിത്രത്തിൽ അഭിനയിച്ചതിന്റെ ഫലമായി തനിക്കുണ്ടായ പ്രശ്നങ്ങളെ കുറിച്ചും തുറന്നുപറഞ്ഞ് നടൻ ജോജു ജോർജ്. അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ അടക്കം വലിയ പ്രശംസ നേടിയ ചിത്രം പക്ഷേ കേരളത്തിൽ വലിയ വിവാദമായിരുന്നു. ചിത്രത്തിലെ തെറികളുടെയും മോശം പദപ്രയോഗങ്ങളുടെയും അതിപ്രസരമായിരുന്നു കാരണം. എന്നാൽ തെറി ഇല്ലാത്ത ഒരു പതിപ്പും തങ്ങൾ ചിത്രീകരിച്ചിരുന്നുവെന്നും ഈ പതിപ്പാണ് റിലീസിന് എത്തിക്കുക എന്നും തെറിയുള്ള പതിപ്പ് ചലച്ചിത്ര മേളകൾക്ക് വേണ്ടിയുള്ളതാണ് എന്നുമാണ് തന്നോട് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നത് എന്നും പറയുകയാണ് ജോജു. ച്ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ഒന്നും തന്നെ കിട്ടിയിട്ടില്ലെന്നും എന്നാൽ തന്റെ പേരിൽ ഒരു കേസ് ചേർക്കപ്പെട്ടു എന്നും ജോജു പറയുന്നു.
ജോജുവിന്റെ വാക്കുകൾ..
‘ചുരുളിൽ ഈ തെറി പറയുന്ന ഭാഗം അവാർഡിനേ അയക്കുകയുള്ളൂ എന്ന് പറഞ്ഞാണ് അവർ അഭിനയിച്ചത്. അതിന് തെറി ഇല്ലാത്ത ഒരു വേർഷനുണ്ട്. പക്ഷേ, അവർ അത് റിലീസ് ചെയ്തു. ഞാൻ ഇപ്പോൾ അത് ചുമന്നുകൊണ്ട് നടക്കുകയാണ്. അത് റിലീസ് ചെയ്യുന്നെങ്കിൽ പറയേണ്ട ഒരു മര്യാദയുണ്ടായിരുന്നു. ചുരുളിയിൽ അഭിനയിച്ചതിന് പണം ഒന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം ഞാൻ നേരിട്ട് പ്രകടിപ്പിച്ചിട്ടുമുണ്ട്. അതിന്റെ പേരിൽ കേസ് വന്നതും എനിക്കാണ്. ഒരു മര്യാദയുടെ പേരിൽ പോലും ആരും വിളിച്ചുചോദിച്ചില്ല. പക്ഷേ, ഞാൻ ജീവിക്കുന്ന നാട്ടിൽ ഇതൊക്കെ വലിയ പ്രശ്നമായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല, അത് അങ്ങനെ സംഭവിച്ചു’,








