വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികളിൽ തീരുമാനമായി. ലോഡ് ഷെഡിങ് ഉണ്ടാകില്ല. ഹ്രസ്വകാല കരാറിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ബോർഡ് അടിയന്തര ടെൻഡർ വിളിച്ചു. അടുത്ത മഴക്കാലത്ത് തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ 500 മെഗാവാട്ടിനുള്ള ടെൻഡർ ചൊവ്വാഴ്ച വിളിക്കും.
മന്ത്രി കെ. കൃഷ്ണൻകുട്ടി വിളിച്ച അവലോകനയോഗത്തിലാണ് പവർ എക്‌സ്‌ചേഞ്ചിൽനിന്ന് ദിവസേന മുൻകൂർ പണംകൊടുത്ത് വൈദ്യുതി വാങ്ങുന്നതിനേക്കാൾ ചെലവുകുറഞ്ഞ ബദൽമാർഗങ്ങൾ തേടാമെന്ന് വൈദ്യുതിബോർഡ് അറിയിച്ചത്. മുൻകൂർ പണം നൽകേണ്ടി വന്നത് ബോർഡിന് വലിയ ബാധ്യതയാണുണ്ടാക്കിയിരുന്നത്. ചില ദിവസങ്ങളിൽ ആയിരം മെഗാവാട്ടിന്റെവരെ കുറവ് ഇപ്പോൾ നേരിടുന്നു. 17 കോടിരൂപവരെ അധികം നൽകേണ്ടിയും വരുന്നു.
മഴക്കാലത്ത് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ വേനൽക്കാലത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങാറുണ്ട്. കൈമാറ്റക്കരാർ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത്തവണ മഴക്കാലമാണെങ്കിലും വൈദ്യുതിയില്ലാത്തതുകൊണ്ടാണ് കൈമാറ്റക്കരാറിൽ ഏർപ്പെടുന്നത്. അടുത്ത മഴക്കാലത്ത് തിരികെനൽകും.
ഇങ്ങനെ വൈദ്യുതി വാങ്ങുന്നതിന് പണം നൽകേണ്ടതില്ല. വാങ്ങുന്നതിനെക്കാൾ നിശ്ചിതശതമാനം അധികം തിരികെനൽകണം. എന്നാൽ, ഹ്രസ്വകാല കരാറിൽ കൂടിയവില നൽകേണ്ടിവരും. ഇത്തരം കരാറുകൾ സാധിച്ചില്ലെങ്കിൽമാത്രം പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വൈദ്യുതി വാങ്ങും.
ഇതിനു പറമേ, രാത്രിയിൽ വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് പ്രചാരണം നടത്താനും മന്ത്രി നിർദേശിച്ചു. വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചും ബോർഡ് സ്വീകരിച്ച നടപടികളെക്കുറിച്ചും 25-ന് മുഖ്യമന്ത്രിയെ ധരിപ്പിക്കും.
വൈദ്യുതി പ്രതിസന്ധി മുൻകൂട്ടിക്കണ്ട് കെ.എസ്.ഇ.ബി. തയ്യാറെടുപ്പുകൾ നടത്താത്തതിൽ സർക്കാരിനും റെഗുലേറ്ററി കമ്മിഷനും അതൃപ്തി. ചട്ടം ലംഘിച്ചെന്നപേരിൽ റെഗുലേറ്ററി കമ്മിഷൻ വിലകുറഞ്ഞ കരാറുകൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് വരുത്തിത്തീർക്കാൻ ബോർഡ് ശ്രമിച്ചെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ വിമർശനം. ഇതുസംബന്ധിച്ച പത്രവാർത്തകൾ വന്നതിലും കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് അതൃപ്തിയറിയിച്ചു.

കൈമാറ്റക്കരാറിനും ഹ്രസ്വകാല കരാറിനും നേരത്തേതന്നെ ശ്രമിച്ചിരുന്നെങ്കിൽ ദിവസേന മുൻകൂർ പണം നൽകി വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നാണ് സർക്കാരിന്റെ വിമർശനം.