ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ആന്‍റി ഓക്‌സിഡന്‍റുകളും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഏലയ്ക്കയിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദം, വീക്കം എന്നിവയെ ചെറുക്കാൻ ഇത് ഗുണം ചെയ്യും. രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ ഇത് ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു. ഹൃദയ സംബന്ധമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും ഇത് ഗുണം ചെയ്യും. അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
ദഹനം മെച്ചപ്പെടുത്തും
അത്താഴത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. വയറു വീർക്കൽ, ദഹനക്കേട്, ഗ്യാസ് തുടങ്ങിയ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ തടയാനും ഇത് ഗുണം ചെയ്യും.
മെറ്റബോളിസം വർദ്ധിപ്പിക്കും
മെറ്റബോളിസം വർധിപ്പിക്കാനും കലോറി കത്തിക്കാനും ഭക്ഷണത്തിന് ശേഷം ഏലയ്ക്ക കഴിക്കുന്നത് ഫലപ്രദമാണ്. ഊർജ്ജ നില മെച്ചപ്പെടുത്താനും അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാനും ഇത് ഫലം ചെയ്യും. ശരീരഭാരം നിയന്ത്രിക്കാനും ഏലയ്ക്ക സഹായിക്കും.
ബ്രീത്ത് ഫ്രെഷ്‌നർ
ഏലയ്ക്കയിൽ ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വായിലെ ബാക്‌ടീരിയകളെ ഇല്ലാതാക്കാൻ സഹായിക്കും. അതിനാൽ ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ക്കുന്നത് ശ്വാസം പുതുക്കാനും വായ്‌നാറ്റം തടയാനും സഹായിക്കും. മൗത്ത് ഫ്രഷ്‌നറിന് പകരമായി ഉപയോഗിക്കാവുന്ന ഒരു പ്രകൃതിദത്ത മാർഗമാണിത്.
വിഷവസ്‌തുക്കൾ നീക്കം ചെയ്യാൻ
ഡൈയൂററ്റിക് ഗുണങ്ങൾ ഏലയ്ക്കയിൽ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വിഷവസ്‌തുക്കളെ നീക്കം ചെയ്യാൻ ഇത് സഹായിക്കും. കരളിന്‍റെ പ്രവർത്തനത്തെയും വൃക്കകളെ ശുദ്ധീകരിക്കാനും ഇത് പിന്തുണയ്ക്കും. ശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഏലയ്ക്ക ഗുണപ്രദമാണ്.
നെഞ്ചെരിച്ചിൽ ശമിപ്പിക്കും
ആമാശയത്തിലെ ആസിഡുകളെ സന്തുലിതമായി നിലനിർത്താൻ ഏലയ്ക്ക സഹായിക്കും. ഇത് നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്‌സ്, ദഹനക്കേട് എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ഉറക്കത്തെ പ്രോത്സാഹിപ്പിക്കും
ഏലയ്ക്ക ഞരമ്പുകളെ വിശ്രമിക്കാൻ സഹായിക്കും. ഇത് സമ്മർദ്ദം, ഉത്കണ്‌ഠ തുടങ്ങിയ പ്രശ്‌നങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇത് ഉറക്കം മെച്ചപ്പെടുത്താനും ഉറക്കത്തിന്‍റെ ദൈർഘ്യം വർധിപ്പിക്കാനും ഗുണം ചെയ്യും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ
ആന്‍റി ഓക്‌സിഡന്‍റുകളുടെ മികച്ച സ്രോതസാണ് ഏലയ്ക്ക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഗുണം ചെയ്യും. പ്രമേഹമുള്ള ആളുകൾ ഏലയ്ക്ക കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ശരിയായി നിലനിർത്താൻ സഹായിക്കും.