ചുരുളി, നൻപകൽ നേരത്ത് മയക്കം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്ത് എസ്. ഹരീഷ് രചിച്ച് പ്രേം ശങ്കർ സംവിധാനം ചെയ്യുന്ന തെക്ക് വടക്ക് എന്ന സിനിമ വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തുകയാണ്. നടൻ വിനായകൻ ആണ് ചിത്രത്തിൽ മുഖ്യവേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിൽ വിനായകന്‍ പറഞ്ഞ കാര്യമാണിപ്പോൾ ശ്രദ്ധേയമാകുന്നത്. മലയാളത്തിൽ ചിരിപ്പിക്കുന്ന അഭിനയം കാഴ്ച വെച്ചവരിൽ ഏറ്റവും ഇഷ്ടം ആരെയെല്ലാമാണ്? എന്ന ചോദ്യത്തിന് നടൻ നൽകിയ ഉത്തരം ഇങ്ങനെയായിരുന്നു.
“ചില ആളുകൾ നമ്മളെ അഭിനയിപ്പിച്ച് കരയിപ്പിക്കും. ചില ആളുകൾ അഭിനയിപ്പിച്ച് ചിരിപ്പിച്ചു കളയും. അൾട്ടിമേറ്റായി എല്ലാവരും ആക്ടേഴ്സാണ്. കോമഡിക്കാർ എന്ന ഒരു ലൈൻ, മിമിക്രിക്കാർ എന്ന ഒരു ലൈൻ, അഭിനയിക്കുക മാത്രം ചെയ്യുന്ന വലിയ ആളുകൾ- അങ്ങനെയൊന്നും ഇല്ല. തിലകൻ സാറും ഒടുവിൽ സാറും ഈ പറയുന്ന സാറന്മാരും ഇല്ലെങ്കിൽ ഈ സ്റ്റാർസ് എന്നു പറയുന്നവരാരും ഇല്ല. സത്യം അതാണ്”
“മാമുക്കോയ സാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടൻ, തിലകൻ സാർ, നെടുമുടി വേണു ചേട്ടൻ”- തന്നെ സ്വാധീനിച്ച അഭിനേതാക്കളുടെ പേര് വിനായകൻ എടുത്തു പറയുന്നു.