കച്ചവടം ജയിച്ച് കലാമൂല്യം തോറ്റുപോകുന്ന സിനിമ കാലഘട്ടമാണിത്. സിനിമയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും മിക്ക താരങ്ങളും മിക്കപ്പോഴും ശ്രദ്ധിക്കുന്നത് അവരവരുടെ സാമ്പത്തിക നേട്ടങ്ങൾക്കു വേണ്ടിയാണ്. അതുകൊണ്ടാണ് ബോളിവുഡ് അടക്കമുള്ള മിക്ക ഫിലിം ഇൻഡസ്ട്രിക്കളും താരങ്ങളുടെ അമിത പ്രതിഫലം മൂലം ഇഴഞ്ഞു നീങ്ങുന്നത്.
സിനിമ അഭിനയത്തിനപ്പുറം ചെറുതും വലുതുമായ മിക്ക താരങ്ങളുടെയും സാമ്പത്തിക സ്രോതസ്സാണ് പരസ്യങ്ങൾ. വെറും 30 സെക്കൻഡ് പരസ്യത്തിന് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര 10 കോടി വാങ്ങി എന്ന നമ്മളെ പലരെയും ഞെട്ടിച്ചതാണ്. ഇതിന്റെ പതിന്മടങ്ങ് അധിക തുകയാണ് ബോളിവുഡ് അടക്കമുള്ളവയിലെ വലിയ പുരുഷതാരങ്ങൾ വാങ്ങിക്കുന്നത്. എന്നാൽ പണത്തിനു വേണ്ടി നിലപാട് പണയം വയ്ക്കാത്ത നടന്മാരും ഇക്കൂട്ടത്തിലുണ്ട്.
പ്രമുഖ താരങ്ങള്‍ തന്നെ പാന്‍മസാല പരസ്യങ്ങളില്‍ അഭിനയിക്കുന്നത് ഏറെ വിവാദം ഉണ്ടാക്കിയ കാര്യങ്ങളായിരുന്നു. നേരിട്ട് പാന്‍ മസാല എന്ന പേരില്‍ അല്ല പരസ്യങ്ങള്‍ ചെയ്യുന്നതെങ്കിലും ഇത്തരം പരസ്യങ്ങളുടെ പേരില്‍ താരങ്ങള്‍ വിവാദത്തിലാകാറുണ്ട്. ഇതിന് ഉദാഹരണമാണ് ഷാരൂഖ് ഖാനും, സല്‍മാന്‍ ഖാനും, അജയ് ദേവഗണും ഒക്കെ പാന്‍മസാല പരസ്യങ്ങളില്‍ അഭിനയിച്ചതും ഇതിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് പിന്നീട് വന്ന കേസിൽ കുടുങ്ങിയതും.
എന്നാൽ എത്ര പണം തരാമെന്ന് പറഞ്ഞാലും തങ്ങളുടെ ആത്മാഭിമാനവും നിലപാടും അടിയറവ് വയ്ക്കാത്ത ചില താരങ്ങളും സിനിമാലോകത്തുണ്ട്.
സായി പല്ലവി
തന്നെ ഒരു ഫെയർനസ് ക്രീമിന്റെ പരസ്യത്തിലേക്ക് കോടികൾ വാഗ്ദാനം ചെയ്തു ക്ഷണിച്ചിരുന്നുവെന്നും എന്നാൽ നിറത്തെക്കുറിച്ച് ഇത്തരം തെറ്റായ ധാരണ പുലർത്തുന്ന പരസ്യങ്ങളിൽ താൻ അഭിനയിക്കാൻ തയ്യാറല്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
അല്ലു അര്‍ജുന്‍
2023 ല്‍ ലഭിച്ച കോടികളുടെ പാന്‍ മസാല പരസ്യം തള്ളി. പുഷ്പ പോലുള്ള പടത്തില്‍ പാന്‍ ഉപയോഗിച്ച താരത്തിന്‍റെ അത്തരത്തിലുള്ള പ്രശസ്തി ഉപയോഗിക്കാനുള്ള ശ്രമമാണ് ഉണ്ടായത്. താരം അത് തള്ളി.
യാഷ്
കെജിഎഫിലൂടെ പാന്‍ ഇന്ത്യന്‍ താരമായ യാഷിന്. 10 കോടിക്ക് മുകളിലാണ് പാന്‍ മസാല പരസ്യത്തിന് ഓഫര്‍ വന്നത്. എന്നാല്‍ താരം ഈ പരസ്യം ചെയ്യില്ലെന്ന നിലപാടാണ് എടുത്തത്.
ജോണ്‍ എബ്രഹാം
ധൂം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക പ്രിയങ്കരനായ നടനാണ് ജോൺ എബ്രഹാം. മസാല പരസ്യങ്ങളില്‍ അഭിനയിക്കില്ല, എന്ന് മാത്രമല്ല അതില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെയും തുറന്നു പറഞ്ഞിട്ടുണ്ട് ജോണ്‍ എബ്രഹാം. എന്നും ജനങ്ങളോട് തന്‍റെ ഫിറ്റ്നസ് സംബന്ധിച്ച് പറയുന്ന താന്‍ എന്തിനാണ് ഇത്തരം പരസ്യങ്ങള്‍ ചെയ്യുന്നത് എന്നാണ് ജോണ്‍ എബ്രഹാം പറയുന്നത്.
അനില്‍ കപൂര്‍
ഒരു കാലത്ത് ബോളിവുഡിലെ മുന്‍ നിര നടനായ അനില്‍ കപൂര്‍ ഇപ്പോഴും സിനിമ രംഗത്ത് സജീവമാണ്. അനില്‍ കപൂര്‍ വന്‍താരമായി കത്തി നിന്ന കാലത്ത് വന്ന കോടികളുടെ ഓഫര്‍ താരം നിരസിച്ചിട്ടുണ്ട്.