Spread the love

വേണം കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഈ ഭക്ഷണ ശീലങ്ങൾ

കുഞ്ഞുങ്ങളെ വളർത്തുന്നതിൽ രക്ഷിതാക്കൾക്ക് എപ്പോഴും ആശങ്കയാണ്. അവരുടെ ഭക്ഷണത്തിൽ
തുടങ്ങി പഠനത്തിലും ശീലങ്ങളിലും വരെ അതുണ്ടാവും. രോഗ പ്രതിരോധ ശക്തി കൂട്ടുന്നതിനും
ആരോഗ്യകരമായ ഭാവിക്കും നല്ല ജീവിത ശൈലി ചെറുപ്പം മുതൽ വേണം. രക്ഷിതാക്കളെ അനുകരിക്കുന്നവരാണ്
കുട്ടികൾ. അതുകൊണ്ടുതന്നെ രക്ഷിതാക്കൾ ആവണം കുട്ടികൾക്ക് മാതൃകയാവേണ്ടത്.

പോഷകഗുണങ്ങളുള്ള ഭക്ഷണം കുട്ടികളുടെ ശാരീരകവും മാനസികവുമായ വളർച്ച് അത്യാവശ്യമാണ്.
ഒരേ ഭക്ഷണം തുടർച്ചയായി നൽകാതെ, മാറി മാറി നൽകുന്നതാവും കുട്ടികൾക്കിഷ്ടം.
ജങ്ക് ഫുഡ് ആണ് ഇന്നത്തെക്കാലത്ത് ഏറ്റവും വലിയ വില്ലൻ. ജങ്ക് ഫുഡ് കുറച്ചുകൊണ്ടുള്ള ഭക്ഷണ ശീലങ്ങൾ
തന്നെയാണ് എപ്പോഴും നല്ലത്. അമിത വണ്ണത്തിന് ഇടയാക്കുന്നതും അനാരോഗ്യകരവുമായ ഭക്ഷ്യവസ്തുക്കൾ
മുതിർന്നവർ തന്നെ ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്.

ബിസ്കറ്റ് ഉൾപ്പടെ ബേക്കറി പലഹാരങ്ങൾ രുചി മൂലം കുട്ടികളെ ആകർഷിക്കാം. എന്നാൽ ശരീരത്തിന് വലിയ
ഗുണമൊന്നും കിട്ടാനില്ല. വല്ലപ്പോഴും മാത്രമേ നൽകാവൂ. ബേക്കറി വസ്തുക്കൾ അമിതമായി കഴിച്ചാൽ വിശപ്പുകെടും.
അതിനാൽ മറ്റ് ആഹാരം അവർ ഒഴിവാക്കും. ഇതുമൂലം വിളർച്ചയുൾപ്പടെ അസുഖങ്ങൾ ഉണ്ടാകും. ഇതു കൂടാതെ
ചേർക്കുന്ന കൃത്രിമ നിറങ്ങളും പ്രിസർവേറ്റിവുകളും പാർശ്വഫലങ്ങളും ഉണ്ടാക്കും.

ഇലക്കറികളും പഴങ്ങളും പച്ചക്കറികളും നിത്യേന കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇരുമ്പ്, കാത്സ്യം,
നാരുകൾ, വിറ്രാമിൻ സി, ഒമേഗ 3, ഫാറ്റി ആസിഡുകൾ തുടങ്ങിയവയുടെ കലവറയാണ് ഇലക്കറികൾ. പച്ചക്കറികളിലും
പഴവർഗ്ഗങ്ങളിലും അടങ്ങിയ പോഷക ഗുണങ്ങൾ രോഗ പ്രതിരോധ ശക്തി വർധിപ്പിക്കാനും വളർച്ചക്കും ഓർമ ശക്തിക്കും
അനിവാര്യമാണ്. ഇടനേരങ്ങളിൽ ഒരു കപ്പ് പച്ചക്കറി സാലഡ് നൽകാം. വെള്ളരിക്ക ,തക്കാളി, കാരറ്റ് എന്നിവ നാരങ്ങ നീര് ചേർത്ത് നൽകാം.
പേരക്ക, പപ്പായ, ചെറുപഴം തുടങ്ങിയവ ഏതെങ്കിലും പ്രഭാത ഭക്ഷണത്തിനൊപ്പം നൽകാം. ശർക്കര ചേർത്ത റാഗിയോ അടയോ എള്ളുണ്ട,
നിലക്കടല ഈത്തപ്പഴവും തുടങ്ങിയവയും വൈകീട്ട് നൽകുന്നത് നല്ലതാണ്.

ഒപ്പം ഒരു വയസ്സ് കഴിഞ്ഞാൽ മീൻ വേവിച്ച് നൽകാം. ഇതിൽ ധാരാളം പ്രോട്ടീനും ധാതു ലവണങ്ങളും
അടങ്ങിയിരിക്കുന്നു. ഇറച്ചിയും നന്നായി വേവിച്ച് വേണം നൽകണം. മുട്ട അലർജിയുണ്ടാക്കുന്നുണ്ടോ എന്ന് നോക്കി വേണം
നൽകാൻ. വളരുന്ന കുട്ടികളിൽ എല്ലിന്റെയും പല്ലിന്‍റെയും ആരോഗ്യത്തിന് കാൽസ്യം അനിവാര്യമാണ്. ദിവസവും ഒരു ഗ്ലാസ്
പാല് എങ്കിലും നൽകണം. പാൽ ഇഷ്ടമില്ലാത്തവർക്ക് തൈര്, മോര്, നട്സ് ഇട്ട ഷേയ്ക്ക് തുടങ്ങിയ രൂപങ്ങളിലും നൽകാം.
ഉച്ചഭക്ഷണത്തിൽ പയറുവർഗങ്ങൾ ഉറപ്പുവരുത്തണം. മുളപ്പിച്ച പയർ, സോയാബീൻ, കടല എന്നിവ നൽകണം.

ഭക്ഷണത്തോടൊപ്പം എട്ട് മുതൽ 10 ഗ്ലാസ് വരെ വെള്ളം നിർബന്ധമായും കുടിപ്പിക്കണം. ദഹന ശക്തിക്കും
ത്വക്കിന്‍റെ ആരോഗ്യത്തിനും ഇത് നിർബന്ധമാണ്. കുട്ടികളിലെ വിശപ്പില്ലായ്മയാണ് രക്ഷിതാക്കളുടെ മറ്റൊരു പ്രധാന പരാതി.
ശരീരം അനങ്ങിയുള്ള കളികൾക്ക് കുട്ടികളെ പ്രേരിപ്പിക്കണം. നീന്തൽ, നടത്തം, ഓട്ടം, സൈക്ലിങ്, സ്കിപ്പിങ്, ഡാൻസിങ് തുടങ്ങിയവ
എല്ലാം നല്ല വ്യായാമ ശീലങ്ങളാണ്.

Leave a Reply