വേഷങ്ങളുടെ പ്രാധാന്യം കൊണ്ടും തന്റെ അഭിനയ പ്രതിഭയ്ക്ക് ലഭിച്ച പ്രേക്ഷക നിരൂപക പ്രശംസ കൊണ്ടും ഏറെ ശ്രദ്ധേയയായ മലയാള നടിയാണ് കനി കുസൃതി. താരം ഇപ്പോഴിതാ ഹിന്ദിയിലേക്കും ചുവടുവെക്കുകയാണ്. ന്യൂഡൽഹിയിൽ ബലാൽസംഗത്തിനിരയായ അതിജീവിതയുടെ കഥ പറയുന്ന ‘അസ്ലി’യിപ്പോൾ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മുൻപ് ഹിന്ദി സിനിമകളിൽ അഭിനയിക്കാൻ വിസമ്മതിച്ചതിനെ കുറിച്ചും ഇതിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് തുറന്നു പറയുകയാണ് നടിയിപ്പോൾ.
നടിയുടെ വാക്കുകൾ:
‘എനിക്ക് ഹിന്ദി സംസാരിക്കാൻ അറിയില്ല. ചിത്രത്തിലെ എല്ലാ ഭാഗങ്ങളും എനിക്ക് ചെയ്യാൻ കഴിയണമെന്നില്ല. ദയവായി എന്നെ കാസ്റ്റ് ചെയ്യരുത് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. എന്നാൽ അനുഭവ് ‘അസി’ലെ എന്റെ കഥാപാത്രത്തെ കേരളത്തിൽ നിന്നുള്ള സ്ത്രീയാക്കിമാറ്റുകയായിരുന്നു. അല്ലെങ്കിൽ അത് ഒരുപക്ഷെ വടക്കേ ഇന്ത്യയുടെ ഏതെങ്കിലും ഭാഗത്ത് നിന്നോ അല്ലെങ്കിൽ ഡൽഹിയിൽ നിന്നോ ആകണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്.
എനിക്ക് വരികൾ പോലും പഠിക്കാൻ കഴിയില്ല എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അവ മനസ്സിലാക്കാൻ പോലും എനിക്ക് വളരെയധികം സമയമെടുക്കും. സംസ്കാരത്തിലും മറ്റ് പല കാര്യങ്ങളിലും ഞാൻ ഒരു തനി മലയാളിയാണ്. ഞാൻ ഇപ്പോഴും മലയാളത്തിലാണ് ചിന്തിക്കുന്നത്. ഇംഗ്ലീഷിൽ സംസാരിക്കുമ്പോൾ പോലും ഞാൻ ആദ്യം മലയാളത്തിൽ ചിന്തിച്ചാണ് വിവർത്തനം ചെയ്യുന്നത്’







