സിനിമ വെറുമൊരു കച്ചവട ഉപാധി മാത്രമല്ല മറിച്ച് തലമുറകളെ സ്വാധീനിക്കാൻ കഴിവുള്ള ഒരു കലാ സൃഷ്ടി കൂടിയാണെന്ന് തിരിച്ചറിഞ്ഞ് അതിനെ ആഴത്തിൽ പ്രാപിച്ച ആളാണ് സംവിധായകനും തിരക്കഥാകൃത്തുമായ ലോഹിതദാസ്. ഒരു വിനോദ ഉപാധി എന്നതിനപ്പുറം സിനിമാസ്വാദകരെ കരയിച്ച, ചിരിപ്പിച്ച, നോവിച്ച ജീവിതത്തിന്റെ കയ്പ്പും തേനും ഒരുപോലെ ഉൾകൊണ്ട അനുഭവങ്ങൾ കൂടിയായിരുന്നു ലോഹിത ദാസിന്റെ സിനിമകൾ. അച്ഛന്റെ പാത പിന്തുടർന്ന് മകൻ ഹരികൃഷ്ണന്‍ ലോഹിതദാസും സിനിമയിൽ എത്തിയിരിക്കുകയാണ്. ഹിറ്റ് ചിത്രം ഭീഷമപർവത്തിന്റെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജിയുടെ ആദ്യ സംവിധാന അരങ്ങേറ്റ ചിത്രമായ ധീരന്റെ കാമറ ചലിപ്പിക്കുന്നത് ഹരികൃഷ്ണനാണ്.
തന്റെ ഏറ്റവും പുതിയ ചിത്രം തിയറ്ററുകളിൽ ഹിറ്റായി ഓടിക്കൊണ്ടിരിക്കെ താൻ വന്ന കയ്പ്പേറിയ വഴികളിൽ തന്നെ സഹായിച്ച സിനിമയിലെ ചിലരെ നന്ദിയോടെ ഓർക്കുകയാണ് ഹരികൃഷ്ണന്‍.
തനിക്ക് സിനിമാട്ടോഗ്രഫി പഠിക്കാൻ പണം ചെലവാക്കിയത് ദിലീപ് ആണെന്നും മമ്മൂട്ടി നൽകിയ ക്യാമറയാണ് ഇപ്പോഴും തന്റെ പക്കലെന്നും ഹരി പറയുന്നു.
“ഞാന്‍ സിനിമാട്ടോഗ്രഫി പഠിക്കുമ്പോള്‍ അതിന്‍റെ ഫീസ് കൊടുത്തത് ദിലീപേട്ടനാണ്. അന്ന് എന്‍റെ കയ്യിലൊരു ക്യാമറ ഇല്ലായിരുന്നു. ക്യാമറയും ഡ്രസൊക്കെയും വാങ്ങിത്തന്നത് മമ്മൂക്കയാണ്. ഇപ്പോഴും ആ ക്യാമറ തന്നെയാണ് എന്‍റെ കയ്യിലുള്ളത്. വേറെ വാങ്ങിയിട്ടില്ല. കുറച്ച് കാശ് കൊണ്ട് തന്നാല്‍ അതവിടെ തീരും. അവരെനിക്ക് തന്നത് ഒരു ജീവിതമാര്‍ഗമാണ്. അച്ഛനെ അറിഞ്ഞ് ഇവര്‍ പ്രവര്‍ത്തിച്ചു എന്നുള്ളതാണ്. ഞങ്ങളെ സ്ട്രഗിള്‍ ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. ഞങ്ങളുടെ എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്, ചോദിക്കുന്നുണ്ട് എല്ലാം ചെയ്യുന്നുണ്ട്. ധീരന്‍റെ ലൊക്കേഷനിലൊക്കെ പോയപ്പോള്‍ മമ്മൂക്ക തന്ന ക്യാമറയാണ് കൊണ്ട് പോയത്”, എന്നായിരുന്നു ഹരികൃഷ്ണന്‍ ലോഹിതദാസിന്റെ വാക്കുകൾ.









