മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെയും സിനിമയിൽ ചെയ്ത നല്ല വേഷങ്ങളുടെയും പേരിൽ ശ്രദ്ധയായ നടിയാണ് അഹാന. ഈയടുത്ത് സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വിവാദത്തിൽപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ‘നാൻസി റാണി’ എന്ന അന്തരിച്ച തന്റെ ഭർത്താവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്ക് അഹാന സഹകരിക്കുന്നില്ലെന്നും മൂന്നു വർഷങ്ങൾക്കു മുൻപുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ താരം ഇപ്പോഴും മാറിനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന്റെ ഭാര്യയുടെ പത്രസമ്മേളനത്തിലെ പരാമർശം.
പിന്നാലെ വലിയ വിമർശനങ്ങൾ നടിക്കെതിരെ ഉയർന്നിരുന്നു. ഇതിൽ പ്രതികരിച്ച് കഴിഞ്ഞദിവസം വിശദീകരണവുമായി നടി രംഗത്തുമെത്തിയിരുന്നു.തീർത്തും അൺ പ്രൊഫഷണൽ ആയിട്ടുള്ള ഒരു സിനിമാ സെറ്റ് ആയിരുന്നു അന്തരിച്ച സംവിധായകൻ നയിച്ചിരുന്നതെന്നും സംവിധായകനും അസിസ്റ്റന്റ്മാരും സെറ്റില്‍ കൂട്ടമായി ഇരുന്ന് മദ്യപിക്കുന്ന അവസ്ഥയും തന്റെ കഥാപാത്രത്തിനായി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതടക്കമുള്ള ദുരനുഭവങ്ങളും താൻ നേരിട്ടു എന്നും അഹാന വ്യക്തമാക്കിയിരുന്നു. ഗുരുതരമായ മറ്റാരോപണങ്ങളും ഉന്നയിച്ച അഹാന തന്റെ അമ്മയോട് ‘മകള്‍ ഒരു ഡ്രഗ് അഡിക്ട്’ ആണെന്ന് നൈന ( സംവിധായകന്റെ ഭാര്യ ) വിളിച്ച് പറഞ്ഞതായും അഹാന പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ പ്രേക്ഷകർ തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഹാന.
‘എനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കും മുൻപ് തന്നെ ആളുകൾഎന്നെ പിന്തുണയ്ക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ചയായി കമന്റ് ബോക്സുകളിലൂടെയായി ആ സ്നേഹവും പിന്തുണയും ഞാൻ കാണുന്നുണ്ടായിരുന്നു. എന്റെ ക്യാരക്ടറിനെക്കുറിച്ച് മോശം പറയുന്നവരെ പ്രതിരോധിക്കുന്നത് ഞാൻ നേരിട്ട് കണ്ടു. എന്റെ സുഹൃത്തുക്കൾ എന്നെ സംരക്ഷിക്കുന്നത് പോലെയാണ് ആളുകൾ എന്റെ കൂടെ നിന്നത്. അക്കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്. ഇത്രയും പിന്തുണ നൽകിയതിന് നന്ദി’,- നടി കുറിച്ചു.
അതേസമയം പോസ്റ്റിന് താഴെ ഛായാഗ്രാഹകനും അഹാനയുടെ അടുത്ത സുഹൃത്തുമായ നിമിഷ് രവിയും പിന്തുണ അറിയിച്ച് എത്തിയിട്ടുണ്ട്. കരിയറിന്റെ കയറ്റത്തിലും ഇറക്കത്തിലും നീ ദയയുള്ള കുട്ടിയായിരുന്നുവെന്നാണ് നിമിഷിന്റെ കമന്റ്.