കടിഞ്ഞൂൽ കല്ല്യാണം, അയലത്തെ അദ്ദേഹം, മേലെപറമ്പിൽ ആൺവീട്, സിഐഡി ഉണ്ണികൃഷ്ണൻ, അനിയൻ ബാവ ചേട്ടൻ ബാവ, സ്വപ്നലോകത്തെ ബാലഭാസ്കരൻ, ഞങ്ങൾ സന്തുഷ്ടരാണ്, മധുചന്ദ്ര ലേഖ മലയാളികൾക്ക് ഒരിക്കലും മറക്കാത്ത ജയറാം- രാജസേനൻ കോമ്പോയിൽ പിറന്ന ചിത്രങ്ങളാണിവ. മലയാളികൾ ഇന്നും വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കാണുന്ന ഈ ചിത്രങ്ങളുടെയൊക്കെ വിജയ രഹസ്യം ഇരുവരും തമ്മിലുള്ള സൗഹൃദത്തിലെ ഇഴയടുപ്പം ആയിരുന്നു. എന്നാൽ ഒരു കാലത്ത് പരസ്പരം പ്രാണനെ പോലെ സ്നേഹിച്ച തങ്ങൾക്കിടയിൽ ആ അടുപ്പം ഇപ്പോൾ ഇല്ലെന്ന് തുറന്നുപറയുകയാണ് സംവിധായകൻ രാജസേനൻ.
ഒന്നിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങിയപ്പോൾ ഉണ്ടായ ആ അടുപ്പം ഇപ്പോൾ ഇല്ലെന്നും, ഒരുപക്ഷെ ആ സുഹൃത്ത് ബന്ധം നഷ്ടപ്പെടാതെ ഇരുന്നെങ്കിൽ ഇപ്പോളും ചിത്രങ്ങൾ വന്നേനെ. ജയറാമുമായുള്ള ബന്ധം അകന്നുപോയെന്നുമാണ് രാജസേനൻ പറഞ്ഞത്. ജയറാമിന്റെ മകൾ ചക്കിയുടെ വിവാഹം ഈ അടുത്തായിരുന്നു നടന്നത്. സിനിമാ മേഖലയിലുള്ള ചെറുതും വലുതുമായുള്ള ആളുകൾ ആഘോഷങ്ങളിൽ പങ്കെടുത്തപ്പോൾ രാജസേനന്റെ അസാന്നിധ്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു.ഈ വാർത്തയോട് പ്രതികരിക്കവേയാണ് ജയറാമുമായുള്ള അകൽച്ചയെ കുറിച്ച് രാജസേനൻ ഉള്ളുതുറന്നത്.
രാജസേനന്റെ വാക്കുകൾ ഇങ്ങനെ..
‘‘ഞങ്ങൾ ഒരുമിച്ച് പതിനാറ് സിനിമകൾ ചെയ്തിട്ടുണ്ട്. ജയറാമിന്റെ മക്കൾ എന്ന് പറഞ്ഞാൽ ജനിച്ച സമയം മുതൽ ഞങ്ങൾ എടുത്ത് താലോലിക്കുകയൊക്കെ ചെയ്തവരാണ്. ഞാനും എന്റെ ഭാര്യയുമൊക്കെ അവരെ ഒരുപാട് താലോലിച്ചിട്ടുണ്ട്. അവർ ഉയരങ്ങളിലേക്ക് പോവുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. ഇപ്പോൾ കാളിദാസ് സിനിമകളൊക്കെ ചെയ്യുന്നത് കാണുമ്പോൾ എനിക്കൊത്തിരി സന്തോഷം തോന്നാറുണ്ട്.
അവൻ അഭിനയിച്ച എന്റെ വീട് അപ്പൂന്റേം എന്ന ചിത്രമൊക്കെ ചെയ്യുന്ന സമയത്ത് എന്തൊരു ആഹ്ലാദമായിരുന്നു ഞങ്ങൾക്ക്. അത് കഴിഞ്ഞ് സംസ്ഥാന അവാർഡൊക്കെ കിട്ടി. നല്ല മിടുക്കനായിട്ടൊക്കെ വന്നില്ലേ. പിന്നെ മനുഷ്യനല്ലേ എവിടെയെങ്കിലും ചില സൗന്ദര്യ പിണക്കമൊക്കെ വരാം. ജയറാമിന്റെ മകളുടെ കല്യാണത്തിന് ഞാൻ വന്നില്ല എന്നത് സത്യം തന്നെയാണ്.”
‘‘ഒന്നിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങിയപ്പോൾ തന്നെ ജയറാമുമായി വളരെ അടുപ്പമുള്ള സൗഹൃദം രൂപപ്പെട്ടു. കടിഞ്ഞൂല്‍ കല്യാണമായിരുന്നു ഞങ്ങൾ ഒരുമിച്ച ആദ്യ ചിത്രം. ആ ചിത്രം ചെയ്യുന്ന സമയത്ത് വളരെയേറെ പ്രതിസന്ധികളാണ് നേരിടേണ്ടിവന്നത്. എന്നിട്ടും കടിഞ്ഞൂല്‍ കല്യാണം അന്ന് ഹിറ്റായിരുന്നു. അതിന് പിന്നാലെ അയലത്തെ അദ്ദേഹം, മേലേപ്പറമ്പില്‍ ആണ്‍വീട് എന്നീ ചിത്രങ്ങള്‍ ഹിറ്റും സൂപ്പര്‍ഹിറ്റുമായി. അതോടെയാണ് തുര്‍ന്നും ജയറാമിനൊപ്പം സിനിമകള്‍ ചെയ്യുന്നത്.
ഒരു ടീം വര്‍ക്കൗട്ടായാല്‍ പിന്നെ നമ്മള്‍ അതില്‍ പിന്ന് പുറത്ത്‌പോകാന്‍ ആഗ്രഹിക്കില്ല. ജയറാമുമായി എനിക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു. അതിനും അപ്പുറത്ത് പരസ്പരം വളരെ സ്‌നേഹമുണ്ടായിരുന്നു. ശരിക്കും പറഞ്ഞാൽ പരസ്പരം പ്രാണനെ പോലെ സ്നേഹിച്ച രണ്ട് സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. ഇപ്പോൾ അങ്ങനെ അല്ല. സുഹൃത്ത് ബന്ധം നഷ്ടപ്പെടാതെ ഇരുന്നെങ്കിൽ ഇപ്പോളും ചിത്രങ്ങൾ വന്നേനെ. ആ ബന്ധം പോയി അത് അങ്ങ് അകന്നുപോയി.
വഴക്ക് കൂടാതെ പരസ്പരം എന്തെങ്കിലും പറഞ്ഞ് പരത്താതെ പിരിഞ്ഞുപോയ രണ്ട് സുഹൃത്തുക്കളാണ് ഞങ്ങൾ രണ്ടാളും. വഴക്ക് ഇട്ടിരുന്നുവെങ്കിൽ അത് പറഞ്ഞ് തീർക്കാമായിരുന്നു. വഴക്ക് ഇല്ല. പക്ഷേ പരസ്പരം മിണ്ടില്ല. ഓർക്കാൻ സുഖമുള്ള പന്ത്രണ്ട് വർഷം. വല്ലാത്ത ഒരു സ്നേഹമായിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്