കണ്ണൂർ: താണക്കടുത്ത മുഴത്തടം ഗവ. യു.പി. സ്കൂളിൽ കയറിയ കള്ളന് ഒന്നും ലഭിച്ചില്ല. ഒടുവിൽ സ്കൂളിലെ അരിയെടുത്ത് കഞ്ഞിവെച്ച് കുടിച്ച് സ്ഥലം വിട്ടു. ഇതിനടുത്തുതന്നെ പ്രവർത്തിക്കുന്ന അങ്കണവാടി, പ്രി-പ്രൈമറി വിഭാഗം, ഹെഡ്മാസ്റ്റരുടെ ഓഫീസ് എന്നിവയുടെ പൂട്ടും തകർത്തിട്ടുണ്ട്. ഇവിടെനിന്ന് കാര്യമായൊന്നും നഷ്ടപ്പെട്ടില്ല.
കഴിഞ്ഞദിവസം പ്രഭാത് ജങ്ഷനടുത്തുള്ള ബാലവാടിയിലും സമാനമായ കവർച്ച നടന്നു. രണ്ട് സംഭവങ്ങൾക്കു പിന്നിലും ഒരാൾ തന്നെയാണെന്ന് സംശയിക്കുന്നു. ടൗൺ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞദിവസം തളാപ്പിലെ ചൈതന്യ ക്ലിനിക്കിൽ നടന്ന മോഷണത്തെക്കുറിച്ചുള്ള അന്വേഷണവും ഊർജിതമായി. മോഷ്ടാവിന്റെതെന്ന് കരുതുന്ന സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.