Spread the love

തിരുവനന്തപുരം: ബിജെപി പ്രവർത്തകനായിരുന്ന നടൻ ഭീമൻ രഘു ഇനി സിപിഎമ്മിനൊപ്പം. സിപിഎം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായ വി ജോയിക്കൊപ്പം രഘു എകെജി സെന്ററിലെത്തി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടു. സിപിഎമ്മിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി ഭീമൻ രഘു മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അടിസ്ഥാനപരമായി തീരുമാനമുള്ള പാർട്ടിയാണ് സി പി എം. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി. ഒന്നാം പിണറായി സർക്കാർ വന്നു. ഇപ്പോൾ രണ്ടാം പിണറായി സർക്കാർ ഭരിക്കുന്നു. ഇനി മൂന്നാം പിണറായി സർക്കാർ വരും. അതിന് യാതൊരു സംശയവും വേണ്ട. ബിജെപി ഒരിക്കലും രക്ഷപ്പെടില്ല. ഭീമൻ രഘു പറഞ്ഞു.

പറയാനുള്ളത് മുഖത്തുനോക്കി പറയാൻ കഴിവുള്ളയാളാണ് നമ്മുടെ സിഎം. പറയാനുള്ളത് പറയേണ്ടുന്നിടത്ത് പറയേണ്ടതുപോലെ പറയാനും മറുപടി കൊടുക്കാനും കഴിവുള്ളയാളാണ്. മതവർഗീയതയ്‌ക്കെതിരെ പോരാടുന്നൊരു മനുഷ്യനാണ്. അൺകറപ്റ്റഡ് ലീഡർ വിത്ത് വിഷൻ ഫോർ ദി സ്റ്റേറ്റ് .

മറ്റുള്ള മുഖ്യമന്ത്രിമാരിൽ നിന്ന് വ്യത്യസ്തമായി പല ഭാവത്തിലും പലരീതിയിലും ഭരിക്കാൻ അദ്ദേഹത്തിന് പ്രത്യേകമായൊരു കഴിവുണ്ട്. അങ്ങനെയുള്ളൊരു മുഖ്യമന്ത്രിയുടെ രാഷ്ട്രീയപാർട്ടിയിൽ ചേരണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് മറ്റുള്ള കാര്യങ്ങൾ ഒന്നും ആലോചിട്ടല്ല. ജനങ്ങൾക്കി‌ടയിലേക്കിറങ്ങുക, പാവപ്പെട്ടവർക്കായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക.

നരേന്ദ്രേമോദിയോട് ആരാധനയില്ല. ചിന്തിക്കുന്നവർക്ക് നിൽക്കാനുളള ഒരു തട്ടല്ല ബിജെപി. വിജയിക്കാൻ വേണ്ടിയല്ല ബിജെപിയിൽ ചേർന്നത്. പാർട്ടിയിലേക്ക് ഒരാൾ വന്നുകഴിഞ്ഞാൽ അവരെ ജനങ്ങൾക്ക് ഉപയോഗപ്പെടുന്ന സ്ഥാനത്തേക്ക് കൊണ്ടുവരണം. അത് ചിന്തിക്കാനുള്ള കഴിവ് കേരള ബിജെപിയിൽ ആർക്കും തന്നെയില്ല. അതുതന്നെയാണ് ഞങ്ങളെപ്പോലുള്ള ആൾക്കാർ ഇതിൽ നിന്ന് കൊഴിഞ്ഞുപാേകാനുള്ള കാരണം. കഴിവുകൾ കാണിക്കാനുള്ള അവസരം ബിജെപി തരുന്നില്ല.

2014 ലെ നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത് ഒരുപാട് പ്രയാസം അനുഭവിച്ചു. പല സ്ഥലത്തും ചെന്നപ്പോൾ പാർട്ടി പ്രവർത്തകർ ഉണ്ടായിരുന്നില്ല. പ്രചാരണത്തിന് എത്താൻ സുരേഷ് ഗോപിയെ വിളിച്ചെങ്കിലും പിഎ യാണ് ഫോണെടുത്തത്. അവസാന തവണ അദ്ദേഹം എടുത്തു. പത്തനാപുരത്ത് വരാൻ പറ്റില്ലെന്ന് പറഞ്ഞു. ഏറെ വേദനയുണ്ടാക്കിയതാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പാർട്ടിയിൽ എന്ത് റോൾ വഹിക്കണമെന്നുള്ള നിർദേശമൊന്നും എം.വി. ഗോവിന്ദൻ നൽകിയില്ല. ചുവന്ന ഷോൾ അണിയിച്ചു. ഓൾ ദി ബെസ്റ്റ് പറയുകയും ചെയ്തു. ബാക്കിയൊക്കെ അവരുടെ തീരുമാനങ്ങളാണ്. നമുക്ക് പറയാനാകില്ല.ഭീമൻ രഘു പറഞ്ഞു.

Leave a Reply