Spread the love

കൊച്ചി ∙ ഫോർട്ട് കൊച്ചി– വൈപ്പിൻ റൂട്ടിൽ സർവീസ് നടത്താനായി കോർപറേഷന്റെ മൂന്നാമത്തെ റോ– റോയുടെ നിർമാണം കൊച്ചിൻ ഷിപ്‌യാഡിൽ അടുത്ത മാസം തുടങ്ങും. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. 15 കോടി രൂപയാണു നിർമാണ ചെലവ്. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡാണു (സിഎസ്എംഎൽ) ഈ തുക നൽകുക. പദ്ധതിക്കു വേണ്ടി നേരത്തേ 10 കോടി രൂപ സിഎസ്എംഎൽ അനുവദിച്ചിരുന്നു. തുക ഉയർന്നതിനെ തുടർന്നു മേയർ എം. അനിൽകുമാറിന്റെ അഭ്യർഥന പ്രകാരം 5 കോടി രൂപ കൂടി റോ–റോ നിർമാണത്തിന് അനുവദിക്കാൻ സിഎസ്എംഎൽ ബോർഡ് യോഗം തീരുമാനിച്ചു.കോർപറേഷനും ഷിപ്‌യാഡും സിഎസ്എംഎൽ അധികൃതരും ചേർന്നു റോ– റോ നിർമാണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ആദ്യ ഘട്ടമായി 3 കോടി രൂപ സിഎസ്എംഎൽ ഷിപ്‌യാ‍ഡിനു കൈമാറും. റോ– റോയ്ക്കു വേണ്ടി ഷിപ്‌യാഡ് തയാറാക്കിയ വിശദ പദ്ധതി രേഖയ്ക്കും (ഡിപിആർ) കോർപറേഷനും സിഎസ്എംഎല്ലും അംഗീകാരം നൽകും.റോ–റോയുടെ നിർമാണവുമായി ബന്ധപ്പെട്ടു മേയർ എം. അനിൽകുമാറും കൊച്ചിൻ ഷിപ്‌യാഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായരും ചർച്ച നടത്തി. റോ–റോയുടെ ചുമതലയുള്ള എൻജിനീയർമാരുമായും നിർമാണ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.റോ–റോയുടെ നിർമാണത്തിനു പരമാവധി തദ്ദേശീയമായ യന്ത്ര സാമഗ്രികളും സ്പെയർ പാർട്സുകളും ഉപയോഗിക്കാൻ ശ്രമിക്കും. വിദേശത്തു നിന്നു സ്പെയർപാർട്സ് എത്തിക്കേണ്ടതു കൊണ്ട് നിലവിലുള്ള റോ–റോയുടെ അറ്റകുറ്റപ്പണി പലപ്പോഴും നീണ്ടു പോകാറുണ്ട്. അത്യാവശ്യമുള്ള സ്പെയർപാർട്സ് റോ– റോയിൽ തന്നെ വാങ്ങി സൂക്ഷിക്കുന്നതും പരിഗണിക്കും.

Leave a Reply