Spread the love

മൂന്നാം തരംഗ ഭീഷണി; മുന്നറിയിപ്പുമായി എൻഐഡിഎം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ഇന്ന്.


തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം സുനിശ്ചിതമാണെന്നു സൂചിപ്പിച്ചും ഇതിനായി രാജ്യത്ത് അടിയന്തര തയാറെടുപ്പ് വേണമെന്നു മുന്നറിയിപ്പു നൽകിയും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്മെന്റ് (എൻഐഡിഎം) റിപ്പോർട്ട് നൽകി.
കോവിഡ് വ്യാപനം കുറയുന്നതിന്റെ നിരക്ക് താഴ്ന്നതും രോഗ സ്ഥിരീകരണ നിരക്ക് കൂടിയതും മൂന്നാം തരംഗം സൂചിപ്പിക്കുന്ന ഘടകങ്ങളാണ്. വൈറസ് വ്യാപന വേഗത്തിന്റെ സൂചികയായ ആർ വാല്യു ഒന്നിനു മുകളിലാണെന്നതും അപകടകരമാണ്. കേരളത്തിന്റെ സ്ഥിതി റിപ്പോർട്ടിൽ പ്രത്യേകം പറയുന്നു. റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫിസിനു കൈമാറി.
രണ്ടാം തരംഗം പൂർത്തിയാകുന്നതിന് മുമ്പേ മൂന്നാം തരംഗം ആരംഭിക്കുമെന്നാണ് ആശങ്ക. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് യോഗം.
രാവിലെ മന്ത്രി വീണ ജോർജിൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിൻ്റെ അടിയന്തര യോഗവും ചേർന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. ഓൺലൈനായാണ് ഇരു യോഗങ്ങളും ചേരുക.ഓണക്കാലത്തെ തിരക്ക് രോഗവ്യാപനത്തിനിടയാക്കിയെന്ന വിലയിരുത്തലിലാണ് ആരോഗ്യ വകുപ്പ്. അടുത്ത  നാലാഴ്ച്ച സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച ശുപാർശകൾ ആരോഗ്യ വകുപ്പ് സർക്കാരിന് സമർപ്പിച്ചേക്കും. മൂന്നാം തരംഗ ഭീഷണിയുടെ സാഹചര്യത്തിൽ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫിസുകളും തുറക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മൂന്നാം തരംഗ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ ചികിത്സാ മുന്നൊരുക്കങ്ങൾ എത്രയും വേഗം പൂർത്തിയാക്കാനുള്ള നടപടികൾ സർക്കാർ കൈക്കൊളും. പരമാവധി രോഗികളെ കണ്ടെത്തി ഐസൊലേറ്റ് ചെയ്ത് രോഗവ്യാപനം പിടിച്ചുനിർത്തുന്നതിനായി പ്രതിദിന പരിശോധനകളുടെ എണ്ണം വർധിപ്പിക്കും. വാക്സിനേഷനും വേഗത്തിലാക്കും.ടിപിആർ 15ന് മുകളിൽ തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ സർക്കാർ പരിഗണനയിലാണ്.

Leave a Reply