ഡൗൺ സിൻഡ്രോം എന്ന ജനിതക വൈകല്യം ബാധിച്ച ഒരാൾ നായകനാവുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാവുകയാണ് ‘തിരികെ’. ജനിതക വൈകല്യത്തെ മറി കടന്ന് നായക വേഷത്തിലെത്തുന്നത് ഇരുപത്തിയൊന്നുകാരൻ ഗോപികൃഷ്ണൻ. അൽഫോൺസ് പുത്രന്റെ ‘പ്രേമം’ എന്ന ചിത്രത്തിൽ മേരിയുടെ കാമുകനായി എത്തിയ ജോർജ് കോര, സാം സേവ്യർ എന്നിവർ ചേർന്നാണ് ‘തിരികെ’ സംവിധാനം ചെയ്യുന്നത്. അൽത്താഫ് സംവിധാനം ചെയ്ത ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിന്റെ സഹഎഴുത്തുകാരിൽ ഒരാളായിരുന്ന ജോർജ് കോര തന്നെയാണ് ‘തിരികെ’യുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.
സ്വന്തമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി നടന്ന ജോർജ് കോര പ്രത്യേകത നിറഞ്ഞ തന്റെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് വെക്കുന്നത് വലിയൊരു ആശയം പങ്ക് വെച്ച് കൊണ്ടാണ്. സഹതാപം കൊണ്ട് മാറ്റി നിർത്തപ്പെടാതെ ഇവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരേണ്ട കുഞ്ഞുങ്ങൾ ആണെന്ന ആശയം. ഡൗൺ സിൻഡ്രോം എന്ന ജനിതക വൈകല്യമുള്ള നായകന്റെ തിരക്കഥ കൈവശമുണ്ടായിരുന്നെങ്കിലും അത്തരത്തിലൊരു നായകനെ കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് മനസിലാക്കിയ ജോർജ് ഈ ചിത്രത്തെക്കുറിച്ച് ആദ്യം ഗൗരവമായി ചിന്തിച്ചിരുന്നില്ല. എന്നാൽ പിനീടുള്ള ശ്രമത്തിലാണ് ഗോപി കൃഷ്ണനെ പറ്റി അറിയുന്നതും തന്റെ ചിത്രത്തിന് വേണ്ടിയുള്ള നായകൻ ഗോപി കൃഷ്ണൻ തന്നെയാണെന്ന് ഉറപ്പിക്കുന്നതും.