അഭിനയ ജീവിതത്തിലെ മുപ്പതാം വർഷം; ആരാധകരോട് നന്ദി പറഞ്ഞ് കിങ് ഖാൻ
വെള്ളിത്തിരയിൽ 29 വർഷം പൂർത്തിയാക്കുകയാണ് ഷാരൂഖ് ഖാൻ. 1992ൽ രാജ് കൻവാറിന്‍റെ സംവിധാനത്തിൽ
റിഷി കപൂറിനൊപ്പം ദിവാനയിൽ ആണ് ഷാരൂഖ് എത്തുന്നത്. പിന്നീട് താരത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
തന്നെ സ്നേഹിക്കുന്നതിനും പിന്തുണക്കുന്നതിനും ആരാധകരോട് നന്ദി പറയുകയാണ്
താരം. 30 വർഷമായി നിങ്ങൾ തരുന്ന സ്നേഹത്തിന് നന്ദി. ജീവിതത്തിന്‍റെ പകുതി ഭാഗവും
നിങ്ങളെ രസിപ്പിക്കുന്നതിനാണ് ചിലവിട്ടത്. തുടർന്നും സ്നേഹം പ്രതീക്ഷിക്കുന്നു എന്നും താരം ട്വീറ്റ് ചെയ്തു.
ഷാരൂഖിന്‍റെ ട്വീറ്റ് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ട്വിറ്ററിൽ ഹാഷ് ടാഗ് ക്യാമ്പയിനും ഉണ്ട്.
സാധാരണ നിലയിൽ നിന്നും താരപദവിയിൽ എത്തിയ ഷാരൂഖ് , ഓരോരുത്തർക്കും മാതൃകയാണെന്ന്
ഒരു ആരാധകൻ കുറിച്ചു. ഷാരൂഖ് ഖാൻ അഭിനയിച്ച സിനിമകൾ എല്ലാം തന്നെ ചർച്ചയാവുന്നുണ്ട്.
ദിൽവാലേ ദുൽഹനിയാ ലേ ജായേഗേയിലെ രാജ് ആണ് മികച്ച കഥാപാത്രമെന്ന് ചിലർ
അഭിപ്രായപ്പെട്ടപ്പോൾ കുച്ച് കുച്ച് ഹോത്താഹേയിലെ രാഹുൽ ആണ് ഫേവറിറ്റെന്ന് മറ്റൊരു ആരാധകൻ.
ബാസിഗർ,ധർ, ദിൽ തോ പാഗൽ ഹേ, മൊഹബത്തേൻ, ദേവദാസ്, സ്വദേശ് , ചക് ദേ ഇന്ത്യ, മൈ നേയിം ഈസ് ഖാൻ, പർദേസ്,
ബാദ് ഷാ, വീർ സാറ, ഫിർ ഭി ദിൽ ഹേ ഹിന്ദുസ്ഥാനി, കഹോ ന പ്യാർ ഹേ, കഭി അൽവിദ നാ കഹ്നാ, പഹേലി, ഡോൺ,
രബ് നേ ബനാ ദി ജോഡി, ഓം ശാന്തി ഓം, ചെന്നൈ എക്സ്പ്രസ്, റാ വൺ തുടങ്ങി എൺപതിലധികം
ചിത്രങ്ങളിലെ നായക, പ്രതിനായക വേഷം ഷാരൂഖിനെ ബോളിവുഡിലെ ബാദ്ഷാ ആക്കി.
2018ൽ സീറോ ആണ് ഷാരൂഖിന്‍റെ അവസാനം പുറത്തിറങ്ങിയ ചിത്രം. പുതിയ സിനിമ പത്താന്‍റെ ഷൂട്ടിങ്
പുരേഗമിക്കുന്നതിനിടെ കൊവിഡ് പ്രതിസന്ധി മൂലം നിർത്തി വയ്ക്കുകയായിരുന്നു. സിദ്ധാർത്ഥ്
ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്. ദിപിക പദുക്കോൺ , ജോൺ
എബ്രഹാം എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. 2022ൽ ചിത്രം റിലീസ് ചെയ്യും.