പാലക്കാട്: അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുച്ചെന്തൂർ-പാലക്കാട് പ്രതിദിന എക്സ്പ്രസ് വ്യാഴാഴ്ച ഓടിത്തുടങ്ങും. മുൻകൂർ റിസർവേഷനില്ലാത്തവർക്ക് യാത്രചെയ്യാമെങ്കിലും എക്സ്പ്രസ് ചാർജ് നൽകണം. പാലക്കാട്ടുനിന്ന് തിരുച്ചെന്തൂർക്കുള്ള വണ്ടി വെള്ളിയാഴ്ച പുലർച്ചെയും ആരംഭിക്കും. ഇതേത്തുടർന്ന് പാലക്കാട്-പൊള്ളാച്ചി പ്രത്യേക വണ്ടി 16 മുതൽ റദ്ദാക്കിയതായി റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.
കോവിഡ് അടച്ചുപൂട്ടലിനെത്തുടർന്ന് നിർത്തലാക്കിയ പാലക്കാട്-ജങ്‌ഷൻ തിരുച്ചെന്തൂർ തീവണ്ടി പൊള്ളാച്ചിയിൽനിന്ന് 15 മുതൽ ആരംഭിക്കുന്നതായി റെയിൽവേ അറിയിപ്പുണ്ടായിരുന്നെങ്കിലും അവസാനനിമിഷം അത് പിൻവലിച്ചു. തൊട്ടടുത്ത ദിവസമാണ് പാലക്കാട്-തിരുച്ചെന്തൂർ വണ്ടി ഓടിത്തുടങ്ങുമെന്ന പ്രഖ്യാപനം വരുന്നത്. തിരുച്ചെന്തൂർവണ്ടി പഴയതുപോലെ പാലക്കാട്ടേക്ക് എത്തണമെന്നാവശ്യപ്പെട്ട് വി.കെ. ശ്രീകണ്ഠൻ എം.പി. കേന്ദ്ര റെയിൽവേമന്ത്രിക്കും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസിനും കത്തുനൽകിയിരുന്നു. മന്ത്രിയുമായി നേരിൽ ഇക്കാര്യം സംസാരിക്കയും ചെയ്തു. രമ്യാഹരിദാസ് എം.പി.യും ഇതുസംബന്ധിച്ച് കത്തുനൽകിയിരുന്നു.
നേരത്തേ പുലർച്ചെ നാലരയ്ക്ക് യാത്രതിരിച്ചിരുന്ന വണ്ടി പുതുക്കിയ സമയമനുസരിച്ച് 4.55 നാണ് (നമ്പർ 16731) പാലക്കാട് ജങ്‌ഷനിൽനിന്ന് പുറപ്പെടുക. 5.06-ന് പാലക്കാട് ടൗണിലെത്തി രണ്ടുമിനിറ്റിനുശേഷം പുറപ്പെടും. പുതുനഗരം (5.19), കൊല്ലങ്കോട് (5.34), മുതലമട (5.44), മീനാക്ഷിപുരം (5.56), പൊള്ളാച്ചി (6.30) എന്നിവിടങ്ങളിലുൾപ്പെടെ സ്റ്റോപ്പുണ്ട്. നേരത്തേ പ്രഖ്യാപിച്ചിരുന്ന പൊള്ളാച്ചി-തിരുച്ചെന്തൂർ വണ്ടി ആറരയ്ക്കാണ് അവിടെനിന്ന് പുറപ്പെടാനിരുന്നത്.
ഉച്ചയ്ക്കുശേഷം 2.45-ന് വണ്ടി തിരുച്ചെന്തൂരെത്തും. തിരുച്ചെന്തൂരിൽനിന്ന് ഉച്ചയ്ക്ക് 12.05നാണ് പാലക്കാട്ടേക്കുള്ള (16732) വണ്ടി പുറപ്പെടുക. ഇത് 4.20-ന് മധുരയിലും രാത്രി ഏഴിന് പഴനിയിലും രാത്രി 9.54-ന് പാലക്കാട് ടൗണിലുമെത്തും. പാലക്കാട് ജങ്‌ഷനിൽ രാത്രി 10.30-ന് യാത്ര അവസാനിപ്പിക്കും.