Spread the love

കുറേനാളുകളായി താൻ അനുഭവിച്ചുകൊണ്ടിരിക്കുന്ന മാനസിക സംഘർഷങ്ങൾക്ക് അവസാനമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരാതി നൽകിയതെന്നും പരാതി നൽകി 24 മണിക്കൂറിനുള്ളിൽ നടപടിയുണ്ടായതിൽ സന്തോഷമുണ്ടെന്നും നടി ഹണി റോസ്. തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു നടി.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായും ഡിജിപിയുമായും നേരിട്ട ബുദ്ധിമുട്ടുകളും വിഷമങ്ങളും പങ്കുവെച്ചിരുന്നുവെന്നും പരാതി നൽകി 24 മണിക്കൂറിനുള്ളിൽ നടപടിയും കൂടി ഉണ്ടായപ്പോൾ സന്തോഷവതി ആയെന്നും താരം പറയുന്നു. ഏറ്റവും സന്തോഷത്തിലൂടെയും മനസമാധാനത്തിലൂടെയും കടന്നുപോകുന്ന ദിവസങ്ങളാണിതെന്നും നടി കൂട്ടി ചേർത്തു. ആരെക്കുറിച്ചും എന്തും പറയാമെന്നുള്ള രീതി സമൂഹത്തിൽ ഇല്ലെന്നും അത് നിയവിരുദ്ധമായ ഒരു കുറ്റകൃത്യമാണെന്നുമുള്ള സന്ദേശമാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് നൽകുന്നതെന്നും നടി പറഞ്ഞു.

അതേസമയം നടിയുടെ പരാതിക്ക് പിന്നാലെ ബോബി ചെമ്മണ്ണൂർ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. എന്നാൽ പരാതി നൽകിയ ശേഷം ക്ഷമാപണം നടത്തുന്നതിൽ അർത്ഥമില്ലെന്നാണ് ഹണിയുടെ നിലപാട്. പൊതുപരിപാടിയിൽ വച്ച് തനിക്കെതിരെ മോശം പരാമർശം നടത്തിയതിനു പിന്നാലെ തനിക്കുണ്ടായ ബുദ്ധിമുട്ട് അദ്ദേഹത്തെ അറിയിച്ചിരുന്നു. പിന്നീടും ഇതാവർത്തിച്ചുവെന്ന് മാത്രമല്ല.പരാതി നൽകുന്നതിന് ഒരാഴ്ച മുൻപ് വരെ ഇത് നടന്നുവെന്നും ഹണി പറയുന്നു.

വളരെ വലിയ മാനസിക സമ്മർദങ്ങളിലൂടെയാണ് കടന്നുപോയത്. ഉത്കണ്ഠയുടെയും ഡിപ്രഷന്റെയുമെല്ലാം മരുന്നുകൾ കഴിച്ചിരുന്നു. തനിക്കൊപ്പം കുടുംബവും നിരവധി ബുദ്ധിമുട്ടുകൾ നേരിട്ട കാലയളവിനാണ് അവസാനമായിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഒരു വൃത്തിയാക്കൽ ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഹണി റോസ് പറഞ്ഞു.

Leave a Reply