Spread the love

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ജീവിതവും പ്രണയവും വിവാഹവും എല്ലാം പരാമർശിക്കുന്ന തരത്തിലുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദി ഫെയറിടെയിൽ പുറത്തിറങ്ങിയതോടെ അക്ഷരാർത്ഥത്തിൽ ധനുഷും നയൻതാരയും തമ്മിൽ കുറച്ചുകാലങ്ങളായി ആരും അറിയാതെ നിലനിന്നിരുന്ന ശീതയുദ്ധം പൊതുസമൂഹവും ചർച്ച ചെയ്യുന്ന രീതിയിലേക്ക് വളരുകയായിരുന്നു. ധനുഷ് 11 വർഷത്തിലധികമായി തന്നോട് പ്രതികാര ഭാവത്തോടെ പെരുമാറുകയാണെന്നും മറ്റും ചൂണ്ടിക്കാട്ടി നയൻതാര വാർത്താക്കുറിപ്പും ഇറക്കിയിരുന്നു. എന്നാൽ നയൻതാരയുടെ ആരോപണങ്ങളോട് പ്രതികരിക്കാതിരുന്ന ധനുഷ് നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ താൻ നിർമ്മിച്ച ചിത്രമായ നാനും റൗഡി താനിലേ രംഗങ്ങൾ ഉപയോഗിച്ചു എന്ന് കാട്ടി പകർപ്പവകാശ നിയമപ്രകാരം കേസ് ഫയൽ ചെയ്യുകയായിരുന്നു.

നയൻതാരയേയും ഭർത്താവും പ്രസ്തുത ചിത്രത്തിന്റെ സംവിധായകനുമായ വിഗ്നേഷ് ശിവനെയും പ്രതികളാക്കി ധനുഷ് ഫയൽ ചെയ്ത കേസിൽ ഒരു കോടി രൂപയാണ് നഷ്ടപരിഹരമായി ധനുഷ് ചോദിച്ചിരിക്കുന്നത്. പ്രശ്നത്തിനാധാരമായ ചിത്രം ഷൂട്ട് ചെയ്യുന്ന സമയത്ത് വിഗ്നേഷ് ശിവന്റെ ഭാഗത്തുനിന്നും പ്രൊഫഷണലിസം ഇല്ലായ്മയും ചിത്രത്തിന്റെ പ്രൊഡക്ഷൻ കോസ്റ്റ് കൂട്ടുന്ന രീതിയിലുള്ള സമീപനവും ഉണ്ടായെന്ന് സത്യവാങ്മൂലത്തിൽ ധനുഷ് വ്യക്തമാക്കുന്നു.

“ ചിത്രീകരണ സമയത്ത് വിഘ്നേശ് ശിവൻ അനാവശ്യമായി നായികയായ നയൻതാരയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി, മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും അവഗണിച്ചുകൊണ്ട്, നയൻതാര ഉൾപ്പെട്ട രംഗങ്ങളുടെ ഒന്നിലധികം റീടേക്കുകൾ എടുത്തു, അവർ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതെന്ന് ഉറപ്പുവരുത്താനും മറ്റ് അഭിനേതാക്കളെ മുൻഗണന നൽകാതിരിക്കാനും സംവിധായകന്‍ പ്രത്യേകം ശ്രദ്ധിച്ചു”വെന്നും സത്യവാങ്മൂലത്തിൽ ധനുഷ് ആരോപിക്കുന്നു.

Leave a Reply