മലയാള ചലച്ചിത്ര നടനും സംവിധായകനുമായ രാജേഷ് മാധവൻ വിവാഹിതനായി. അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു രാജേഷിന്റെയും ദീപ്തിയുടെയും വിവാഹം. ഇവരുടെ വിവാഹ ഫോട്ടോകളും റിസപ്ഷൻ വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയത്.
‘ന്നാ താൻ കേസ് കൊട്’ എന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടർമാരിൽ ഒരാളായിരുന്നു ദീപ്തി കാരാട്ട്. ഈ ചിത്രത്തില്‍ രാജേഷ് മാധവന്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഈ വേഷത്തിലൂടെയാണ് രാജേഷ് മാധവൻ ജനപ്രിയനായി മാറിയത്. അസോസിയേറ്റ് ഡയറക്ടര്‍ക്ക് പുറമെ ആർട്ടിസ്റ്റും പ്രൊഡക്ഷൻ ഡിസൈനറും കൂടിയാണ് ദീപ്തി. ഈ വര്‍ഷം ജനുവരി 24നാണ് രാജേഷും ദീപ്തിയും വിവാഹിതരാകാന്‍ പോകുന്നെന്ന വിവരം പുറത്തുവന്നത്. ദീപ്തിയ്ക്ക് ഒപ്പമുള്ള ഫോട്ടോ പങ്കിട്ട് രാജേഷ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കാസർകോട് സ്വദേശിയാണ് രാജേഷ് മാധവന്‍. ടെലിവിഷൻ പരിപാടികളിലൂടെ വെള്ളിത്തിരയിൽ എത്തിയ രാജേഷ്, അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളറായി തുടക്കം കുറിച്ചു. ശേഷം ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിൽ നടനായി. ശേഷം ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായും പ്രവർത്തിച്ചു. ഏറെ ശ്രദ്ധനേടിയ ‘തിങ്കളാഴ്ച നിശ്ചയ’ത്തിന്റെ കാസ്റ്റിംഗ് ഡയറക്ടർ കൂടിയാണ് രാജേഷ്.