51-ാം വയസിലും ശരീരസൗന്ദര്യം സംരക്ഷിക്കുന്നതിന്റെ രഹസ്യങ്ങൾ പങ്കുവച്ച് ബോളിവുഡ് താരസുന്ദരി മലൈക അറോറ. കൃത്യമായ ആഹാരനിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയുമാണ് ശരീരസൗന്ദര്യം സംരക്ഷിക്കുന്നതെന്നും ചിട്ടയോടെയുള്ള ഭക്ഷണരീതി പിന്തുടരുന്നതായും മലൈക പറയുന്നു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും ദിനചര്യകളെ കുറിച്ചും താരം തുറന്ന് പറയുന്നത്.
“എല്ലാ ദിവസവും വ്യായാമവും യോഗയും ചെയ്യാറുണ്ട്. മുട്ട, ദോശ, ഇഡ്ഡലി എന്നിവയാണ് പ്രഭാതഭക്ഷണമായി കഴിക്കുന്നത്. ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങൾ മാത്രമേ കഴിക്കാറുള്ളൂ. ഭക്ഷണം അമിതമായി കഴിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. പ്ലേറ്റിൽ ഭക്ഷണം കഴിക്കാറില്ല. ഭക്ഷണം ബൗളിൽ എടുത്താണ് കഴിക്കുന്നത്. കാരണം എത്ര അളവിലാണ് ആഹാരം കഴിക്കേണ്ടതെന്ന് എനിക്ക് ധാരണയുണ്ട്. ബൗളിൽ എടുക്കുന്ന അളവ് എനിക്ക് കൃത്യമായി അറിയാം. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ക്രമീകരിക്കാൻ പ്ലേറ്റിനേക്കാൾ നല്ലത് ബൗളാണ്”.
“എല്ലാ ദിവസവും ഇഞ്ചി, മഞ്ഞൾ, ജീരകം എന്നിവയിട്ട ചൂടുവെള്ളം കുടിക്കും. നാരാങ്ങാവെള്ളവും രാവിലെ കുടിക്കാറുണ്ട്. ഇതിന് ശേഷം യോഗ ചെയ്യും. ഉച്ചഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റ് ഉൾപ്പെടുത്തും. വൈകുന്നേരം ഏഴ് മണിക്ക് രാത്രിയിലെ ഭക്ഷണം കഴിക്കും. പിന്നീട് അടുത്ത ദിവസം രാവിലെ വരെ ഒന്നും കഴിക്കാറില്ലെന്നും” മലൈക പറഞ്ഞു.