സിജുവിൽസനെ നായകനാക്കി ഉല്ലാസ്‌കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പക വിമാനം. മലയാളത്തിലെ ആദ്യത്തെ ടൈം ലൂപ്പ് ത്രില്ലർ ചിത്രമായി ഒരുങ്ങുന്ന പുഷ്പക വിമാനത്തിൽ ഒരു സർപ്രൈസ് താരം അഭിനയിക്കുന്നതായി റിലീസിന് മുമ്പ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
സിനിമയിൽ മലയാളത്തിലെ പ്രമുഖനായ യുവതാരം അഭിനയിക്കുന്നുണ്ടെന്നും നിർണായക കഥാപാത്രമായ അദ്ദേഹത്തെ രഹസ്യമാക്കി വെച്ചിരിക്കുകയാണെന്നും ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ഉല്ലാസ്‌കൃഷ്ണ പറഞ്ഞിരുന്നു. റിലീസിന് പിന്നാലെ ഇപ്പോഴിതാ ആരാണ് ആ സർപ്രൈസ് താരമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.മലയാളത്തിന്റെ സ്വന്തം ബേസിൽ ജോസഫാണ് ആ സർപ്രൈസ് കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയ്‌ക്കൊപ്പമാണ് ബേസിലാണ് ചിത്രത്തിൽ പ്രധാനറോളിൽ എത്തുന്നതെന്ന കാര്യം അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയത്.
പുഷ്പക വിമാനം എന്ന പേര് ചിത്രത്തിന് ഇടാനുള്ള കാരണവും സർപ്രൈസ് താരം അവതരിപ്പിക്കുന്ന ഈ കഥാപാത്രമാണെന്ന് നേരത്തെ സംവിധായകൻ പറഞ്ഞിരുന്നു. രാഹുൽ രാജാണ് സിനിമയുടെ സംഗീത സംവിധായകൻ.ബേസിലിനും സിജുവിൽസണുമൊപ്പം ബാലുവർഗീസ്. ലെന, മനോജ് കെയു, നമൃത, ധീരജ് ഡെന്നി, പത്മരാജ് രതീഷ്, സിദ്ദീഖ്, മിന്നൽ മുരളി ഫെയിം വസിഷ്ഠ് ഉമേഷ് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.സന്ദീപ് സദാനന്ദനും ദീപു എസ്.നായരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. . രവിചന്ദ്രനാണ് സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റർ അഖിലേഷ് മോഹൻ.