എം.ടിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി സീരീസിന്റെ ട്രെയ്‌ലർ ലോഞ്ച് വേളയിൽ അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ സംഗീത സംവിധായകൻ രമേശ് നാരായണനോട് വിശദീകരണം തേടി ഫെഫ്ക. ചടങ്ങിൽ രമേശ് നാരായണന് പുരസ്ക്കാരം സമ്മാനിക്കാൻ എത്തിയ നടൻ ആസിഫ് അലിയെ മനഃപൂർവം അപമാനിച്ചുവെന്ന ആരോപണം ശക്തമായിരിക്കെയാണ് ഫെഫ്കയുടെ നടപടി. വിവാദങ്ങൾക്ക് ആസ്പദമായ പരിപാടിയുടെ സംഘാടനത്തിൽ പിഴവ് വന്നുവെന്ന് ചൂടികാട്ടിയ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ മ്യൂസിക്, യൂണിയൻ ജനറൽ സെക്രട്ടറിയോട് വിഷയം അന്വേഷിക്കാൻ ആവശ്യപ്പെട്ടതായും വ്യക്തമാക്കി. രമേശ് നാരായണിന് വീഴ്ച സംഭവിച്ചുവെന്നും പൊതുവേദിയിൽ വച്ച് പക്വതയില്ലായ്മയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘രമേശ് നാരായണിന്റെ മാനസികാവസ്ഥ മനസിലാക്കാൻ സാധിക്കും. എന്നാൽ ആസിഫിനോടല്ല അത് കാണിക്കേണ്ടത്. വിവാദമായതോടെ രമേശ് നാരായണ്‍ മാപ്പ് പറഞ്ഞത് മാതൃകാപരം’ എന്നും ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
അതേസമയം വിഷയത്തിൽ ആസിഫ് അലിയുമായി സംസാരിച്ചെന്നും ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ‘ഇതൊന്നും സീരിയസ് ആയി കാണുന്നില്ല’ എന്നായിരുന്നു ആസിഫിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ആസിഫിനേയും അമ്മ നേതൃത്വത്തെയും ഖേദം അറിയിച്ചിട്ടുണ്ടെന്നും വിവാദം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.