Spread the love

തിരുവനന്തപുരം: തനിക്കെതിരായ നുണപ്രചാരണങ്ങളിൽ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തുടർച്ചയായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നുവെന്നും വസ്തുതയില്ലെന്ന് ബോധ്യമായിട്ടും നുണപ്രചാരകർ തിരുത്താൻ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

‘ഒരാവശ്യവുമില്ലാതെ തുടർച്ചയായി എന്നെ പ്രശ്നങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇങ്ങനെ വലിച്ചിഴയ്ക്കുന്ന വിഷയങ്ങളിൽ വസ്തുതയില്ല എന്ന് ബോധ്യപ്പെട്ടാൽ നുണപ്രചാരണം നടത്തിയവർ തിരുത്താനും തയാറാകുന്നില്ല. ജനങ്ങൾക്ക് എന്നെ നന്നായി അറിയാം’. ഈ രീതി അന്യായമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു’

ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടന്നാൽ അതിനെതിരെ കർക്കശമായ, മുഖം നോക്കാതെയുള്ള നിലപാട് സ്വീകരിക്കുന്നവരാണ് എൽഡിഎഫ് സർക്കാർ. അടുത്ത കാലത്തുണ്ടാകുന്ന ആരോപണങ്ങൾ ഒരു കാര്യവുമില്ലാതെ എന്നെ വ്യക്തിപരമായി അക്രമിക്കുന്നതാണ്. എന്നാൽ പിന്നീട് ആ വിഷയം എവിടെയും എത്തില്ല. അതിലൊന്നും ഒരു വസ്തുതയും ഇല്ലെന്ന് ബോധ്യമാകും’; മന്ത്രി കൂട്ടിച്ചേർത്തു

അതേസമയം, കോഴിക്കോട് സിപിഐഎമ്മിലെ പി എസ് സി കോഴ ആരോപണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതികരിച്ചു. നിയമസഭയിൽ വിഷയവുമായി ബന്ധപ്പെട്ട മുസ്‌ലിം ലീഗ് എംഎംഎൽഎ എൻ ഷംസുദ്ധീന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു പിണറായി വിജയൻ. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് നഗരത്തിലെ യുവജന നേതാവും സിപിഐഎം ഏരിയാ സെന്റര്‍ അംഗവുമായ നേതാവ് ഒരു ഡോക്ടറുടെ പകലിൽ നിന്നും 60 ലക്ഷം വാങ്ങിയെന്ന ആരോപണം ചൂണ്ടി കാണിച്ചായിരുന്നു ചോദ്യം ഉന്നയിച്ചത്.

എന്നാൽ ഈ ആരോപണത്തെ പൂർണ്ണമായി തള്ളാതെയായിരുന്നു പിണറായിയുടെ മറുപടി. സംസ്ഥാനത്ത് പി എസ് സി എന്നത് ഭരണഘടനാ തത്വങ്ങൾക്ക് അനുസരിച്ച് വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഏജൻസിയാണെന്നും അതിലെ അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്നതിലും പ്രവർത്തനങ്ങളിലും അഴിമതി നടന്നിട്ടില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ ഉയർന്നുവന്ന ആരോപണത്തിൽ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്‌സി അംഗത്വം ശരിയാക്കാമെന്ന് സിപിഐഎം ഏരിയാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന യുവ നേതാവ് വാഗ്ദാനം നൽകിയെന്ന പരാതിയാണ് ഉയർന്നു വന്നിരിക്കുന്നത്. 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യഘഡുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. സിപിഐഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോള്‍ പണം നല്‍കിയ ആളുടെ പേര് ഉണ്ടായിരുന്നില്ല. ഇതോടെ ആയുഷ് വകുപ്പില്‍ സ്ഥാനം വാഗ്ദാനം ചെയ്ത് ഇദ്ദേഹത്തെ അനുനയിപ്പിച്ച് നിര്‍ത്തി. എന്നാല്‍ ഇതും നടക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായ ആള്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയത്. സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള്‍ പാര്‍ട്ടിക്ക് കൈമാറിയതായാണ് സൂചന. പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസും ആവശ്യപ്പെട്ടിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്താനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.

Leave a Reply