താമരശേരി∙ പെൺകുട്ടികളുടെ പുതിയ മോഡൽ ചെരുപ്പുകൾ മാത്രം മോഷ്ടിക്കുന്ന കള്ളന്റെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. ആൺകുട്ടികളുടെയും മുതിർന്ന സ്ത്രീകളുടെയും ചെരുപ്പുകൾ അടുത്തുണ്ടെങ്കിലും ഇയാൾ തൊടാറില്ല. താമരശേരിയിലെ കാരാടി, കെടവൂർ, ചാലമ്പറ്റ, നീലഞ്ചേരി ചെമ്പ്ര എന്നിവിടങ്ങളിലെ പല വീടുകളിൽ നിന്നും വർഷങ്ങളായി ചെരുപ്പുകൾ നഷ്ടപ്പെടുന്നുണ്ട്.
ചെരുപ്പുകളല്ലാതെ മറ്റൊന്നും മോഷണം പോകാത്തതിനാൽ പരാതിയുമായി ആരും രംഗത്തെത്തിയതുമില്ല. പട്ടിയോ മറ്റോ കടിച്ചുകൊണ്ടുപോയതായിരിക്കാം എന്നാണ് പലരും കരുതിയിരുന്നതും. താമരശേരി ജിയുപി സ്കൂളിന് പുറകുവശത്തെ ഫർഹമൻസിലിൽ ആയിഷയുടെ വീട്ടിൽ നിന്നും ചെരുപ്പ് മോഷ്ടിക്കുന്നതിനിടെയാണ് കള്ളന്റെ മുഖം സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മതിൽ ചാടിക്കടന്ന് പതുങ്ങി വരാന്തയിലെത്തിയ മോഷ്ടാവ് രണ്ടു ജോടി ചെരുപ്പുകൾ എടുക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്.
മുതിർന്ന സ്ത്രീകളും പുരുഷൻമാരും ആൺകുട്ടികളും ഉപയോഗിക്കുന്ന ചെരുപ്പുകൾ വരാന്തയിൽ ഉണ്ടായിരുന്നിട്ടും പെൺകുട്ടികളുടെ ചെരുപ്പ് മാത്രമാണ് ഇയാൾ എടുത്തത്. മാന്യമായ വേഷം ധരിച്ച് മുഖംമൂടി ധരിക്കാതെയാണ് യുവാവായ കള്ളൻ എത്തിയത്. കാവൽ നായ്ക്കളില്ലാത്ത വീടുകളിലാണ് ഇയാൾ എത്തുന്നത്.
ചെരുപ്പുകൾ നഷ്ടപ്പെടുന്നത് സ്ഥിരമായതോടെയാണ് നാട്ടുകാർ മോഷണ സാധ്യതയെക്കുറിച്ച് ചിന്തിച്ചത്. തുടർന്ന് നിരീക്ഷണം തുടങ്ങിയെങ്കിലും കള്ളനെ കണ്ടെത്താനായില്ല. ഒരിക്കൽ മോഷണം നടത്തിയ പ്രദേശത്ത് ആറു മാസത്തിനു ശേഷമാണ് ഇയാൾ വീണ്ടും മോഷണത്തിന് എത്തുന്നത്. ദൃശ്യങ്ങൾ സഹിതം പൊലീസിൽ പരാതിപെട്ടിരിക്കുകയാണ് നാട്ടുകാർ.