Spread the love
ഈ വർഷത്തെ പ്ലസ്​ വൺ പരീക്ഷ അടുത്ത അധ്യയന വർഷത്തേക്ക്​ നീളും

ഈ വർഷത്തെ പ്ലസ് വൺ പരീക്ഷ അടുത്ത അധ്യയന വർഷത്തിലേക്ക് നീളും. ജൂൺ അവസാനം പരീക്ഷ നടത്താനാണ് ആലോചന. പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകൾക്ക് സമാന രീതിയിൽ ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്താനാണ് ശിപാർശയെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ല. എങ്കിലും പ്ലസ് വൺ പരീക്ഷക്കുള്ള കരട് ഫോക്കസ് ഏരിയ ആഴ്ചകൾക്ക് മുമ്പ് എസ്.സി.ഇ.ആർ.ടി തയാറാക്കി നൽകിയിട്ടുണ്ട്. മാർച്ച് 30ന് തുടങ്ങുന്ന പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾ ഏപ്രിൽ 22നും മാർച്ച് 31ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷ ഏപ്രിൽ 29നുമാണ് അവസാനിക്കുന്നത്.

അധ്യാപകർ പരീക്ഷ ഡ്യൂട്ടിയിലാകുന്നതോടെ പ്ലസ് വൺ അധ്യയനവും ഏറെക്കുറെ ഈ സമയത്ത് തടസ്സപ്പെടും. ഏപ്രിൽ അവസാനം പ്ലസ് ടു മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങിയാൽ മൂന്നാഴ്ചയെങ്കിലും നീളും. ഇതും പ്ലസ് വൺ ക്ലാസ് തുടരുന്നതിന് തടസ്സമാകും. നവംബർ 15നാണ് പ്ലസ് വൺ ക്ലാസ് ബാച്ചായി തുടങ്ങിയത്. കഴിഞ്ഞ 21 മുതൽ പൂർണ തോതിലുള്ള അധ്യയനവും. മിക്ക വിഷയത്തിനും പകുതി പോലും പാഠഭാഗം തീർന്നിട്ടില്ല. ഈ സാഹചര്യത്തിൽ ഫോക്കസ് ഏരിയ നിശ്ചയിക്കണമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പിന് മുന്നിൽ വന്ന നിർദേശം.

മാർച്ച് അവസാനം വരെ ക്ലാസ് നടത്തിയും ശേഷം ഓൺലൈൻ ക്ലാസ് തുടർന്നും മേയിൽ പാഠഭാഗം തീർക്കാനാണ് ശ്രമം. പുതിയ അധ്യയന വർഷം ആരംഭിച്ച ശേഷം മുന്നൊരുക്കം പൂർത്തിയാക്കി ജൂൺ അവസാനം പ്ലസ് വൺ പരീക്ഷ നടത്താനാണ് ആലോചന. എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകൾക്ക് 60 ശതമാനം പാഠഭാഗങ്ങൾ നിശ്ചയിക്കുകയും ഇതിൽനിന്ന് 70 ശതമാനം ചോദ്യങ്ങൾ ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിലാണ് ഫോക്കസ് ഏരിയയും ചോദ്യപേപ്പർ പാറ്റേണും നിശ്ചയിച്ചത്. ഇതേരീതിയിൽ തന്നെയാണ് പ്ലസ് വൺ കരട് ഫോക്കസ് ഏരിയയും തയാറാക്കിയിരിക്കുന്നത്.

Leave a Reply