കൊച്ചി ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറിയെന്ന കേസില്‍ നടന്‍ ജയസൂര്യക്ക് സമന്‍സയച്ച് കോടതി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് സമന്‍സ് അയച്ചത്. കായല്‍ തീരം കയ്യേറിയെന്ന പരാതി ശരിവെച്ചുകോണ്ട് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആറുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 13നാണ് കൊച്ചി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജയസൂര്യയെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്. കായല്‍ഭൂമി കയ്യേറി ബോട്ടുജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗിച്ചാണെന്ന് കണ്ടെത്തിക്കൊണ്ടായിരുന്നു കുറ്റപത്രം. കോര്‍പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്പക്ടറായിരുന്ന ആര്‍ രാമചന്ദ്രന്‍ നായര്‍, അസിസ്റ്റന്‍റ് എഞ്ചിനീയറായിരുന്ന ഗിരിജാ ദേവി, നടന്‍ ജയസൂര്യ, ബോട്ടുജെട്ടിയും ചുറ്റുമതിലും രൂപകല്‍പന ചെയ്ത എന്‍എം ജോസഫ് എന്നിവരെ പ്രതിചേര്‍ത്തു. ജയസൂര്യക്കൊപ്പം ഇവര്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്. കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവിന്‍റെ പരാതിയില്‍ 2016 ഫെബ്രുവരിയിലാണ് ജയസൂര്യക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവിടുന്നത്.